നിർമാണ വ്യവസായരംഗത്തെ ഉൽപാദനക്ഷമതയിൽ കഴിഞ്ഞ 15 വർഷമായി ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ഈ മേഖലയിൽ 2024 ലും ചൈന ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തിയതായി വ്യവസായ, വിവരസാങ്കേതിക മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
2024 ൽ ചൈനയുടെ മൊത്തം മൂല്യവർധിത വ്യാവസായിക ഉൽപാദനം 40.5 ട്രില്യൺ യുവാൻ (5.65 ട്രില്യൺ ഡോളർ) ആയിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായകപങ്ക് വഹിക്കുന്ന ചൈനയുടെ ഉൽപാദന വ്യവസായത്തിന്റെ പ്രാധാന്യം അതിന്റെ അതിർത്തികൾക്കപ്പുറത്തേക്കും വ്യാപിക്കുന്നു. ലോകമെമ്പാടുമുള്ള ചരക്കുകളുടെ ഒരു പ്രധാന വിതരണക്കാരനെന്ന നിലയിൽ ചൈനയുടെ നിർമാണമേഖലയിലെ ഏതു മാറ്റങ്ങളും ആഗോളവിപണികളിൽ കാര്യമായ അലയൊലികൾ ഉണ്ടാക്കാറുണ്ട്. ഇത് അന്താരാഷ്ട്ര വ്യാപാരത്തിലും സാമ്പത്തിക സ്ഥിരതയിലും അവിഭാജ്യപങ്ക് എടുത്തുകാണിക്കുന്നു.
ആഗോളതലത്തിൽ, ചൈനയുടെ നിർമാണവൈദഗ്ദ്ധ്യം കൂടുതൽ പ്രകടമാണ്. 2023 ൽ, ആഗോള ഉൽപാദന വർധിതമൂല്യത്തിന്റെ 30 ശതമാനവും ചൈന സംഭാവന ചെയ്തു. ഇത് ലോകത്തിലെ ഉൽപാദനശക്തി എന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഇലക്ട്രോണിക്സ് മുതൽ ഹെവി മെഷിനറി വരെയുള്ള എല്ലാത്തിനെയും സ്വാധീനിക്കുന്ന ആഗോള വിതരണശൃംഖലയിൽ ഈ മേഖലയുടെ നിർണ്ണായകപങ്ക് ഈ മഹത്തായ സംഭാവന അടിവരയിടുന്നു.