പനാമ കനാലിനു ചുറ്റുമുള്ള ചൈനയുടെ സാന്നിധ്യം പനാമ സർക്കാർ കൈകാര്യം ചെയ്യേണ്ട ദേശീയ സുരക്ഷാപ്രശ്‌നമെന്ന് ലാറ്റിനമേരിക്കയിലെ യു എസ് പ്രത്യേക ദൂതൻ മൗറിസിയോ ക്ലേവർ-കരോൺ വെള്ളിയാഴ്ച യു എസ് ഉന്നത നയതന്ത്രജ്ഞൻ മാർക്കോയെ അറിയിച്ചു.
യു എസ് നിർമ്മിച്ച കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കുശേഷം രാജ്യങ്ങൾ തമ്മിലുള്ള ആദ്യചർച്ചയ്ക്കും കനാൽ സന്ദർശനത്തിനും പനാമൻ പ്രസിഡന്റ് ജോസ് റൗൾ മുലിനോയുമായുള്ള കൂടിക്കാഴ്ചയുമായി റൂബിയോ ശനിയാഴ്ച തന്റെ ആദ്യ വിദേശയാത്ര പുറപ്പെടും. എൽ സാൽവഡോർ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയും റൂബിയോ സന്ദർശിക്കും. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനും യു എസിലേക്കുള്ള കുടിയേറ്റം തടയാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളും അജണ്ടയിലുണ്ടെന്ന് ക്ലാവർ-കരോൺ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ലാറ്റിനമേരിക്കയിൽ ചൈനയുടെ സാമ്പത്തിക സ്വാധീനം വളരുകയാണ്. വിഭവസമൃദ്ധമായ പ്രദേശം യു എസിനെക്കാൾ ചൈനീസ് താൽപര്യങ്ങളിലേക്കു ചായുമോ എന്ന വാഷിംഗ്ടണിലെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ കനാലിന്റെ പ്രവർത്തനം ചൈനയ്ക്ക് വിട്ടുകൊടുക്കുന്നതിനെ പനാമ ശക്തമായി നിഷേധിച്ചു.