തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് നിയമവിരുദ്ധമായി ചൈനീസ് വ്യോമസേന വിമാനങ്ങൾ കടന്നതായി റിപ്പോര്‍ട്ട്. ഒരു കോംബാറ്റ് ഡ്രോൺ ഉൾപ്പെടെ 20 ചൈനീസ് വ്യോമസേന വിമാനങ്ങളാണ് തായ്വാന്‍റെ വ്യോമാതിര്‍ത്തി കടന്നത്. തായ്‌വാൻ പ്രതിരോധ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
കാലങ്ങളായി ചൈന, സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന മേഖലയാണ് തായ്‌വാൻ. കഴിഞ്ഞ ശനിയാഴ്‌ച, വൈസ് പ്രസിഡന്റ് വില്യം ലായ് അമേരിക്കയിൽ നടത്തിയ സന്ദർശനത്തോടുള്ള പ്രതികരണമായി, ചൈന തായ്‌വാനു ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് വ്യോമസേന വിമാനങ്ങള്‍ അതിര്‍ത്തി കടന്നതെന്നാണ് തായ്‌വാൻറെ ആരോപണം. കോംബാറ്റ് ഡ്രോണിനു പുറമേ എസ്‍യു-30, ജെ-10 യുദ്ധവിമാനങ്ങളും ആന്റി-സബ് മറൈൻ വിമാനങ്ങളും ഉൾപ്പെടുന്നു. എന്നാൽ ചൈനീസ് പ്രതിരോധ മന്ത്രാലയം ഇതിനോട് പ്രതികരിച്ചില്ല.
നേരത്തെ ചില സൈനികരും ഡ്രോണുകളും തായ്‌വാൻ കടലിടുക്കിന്റെ മീഡിയൻ ലൈൻ മുറിച്ചുകടന്നിരുന്നു. അതേസമയം, തായ്‌വാനിലേക്കുള്ള കൂടുതൽ ആയുധ വിൽപ്പനയ്ക്ക് അനുമതി നൽകിയ യുഎസ് നീക്കത്തെ ചൈന അപലപിച്ചു, യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അടുത്ത വർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാനാണ് തായ്‌വാൻ പദ്ധതിയിട്ടിരിക്കുന്നത്.