Monday, November 25, 2024

രാജ്യത്ത് 232 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം

232 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കു കൂടി രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായതിനാലാണ് നടപടി എന്നാണ് വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഒട്ടേറെ പേരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നിരോധിച്ചവയില്‍ 94 വായ്പാ ആപ്പുകളും 138 വാതുവയ്പ്പ് ആപ്പുകളുമാണ് ഉള്ളത്. ഐടി നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

നേരത്തേയും ചൈനീസ് ആപ്പുകള്‍ രാജ്യത്തിന്‍റെ സുരക്ഷയെ മുന്‍ നിര്‍ത്തി നിരോധിച്ചിരുന്നു.
ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി.

Latest News