Monday, November 25, 2024

ചൈനീസ് സി.സി. ടിവി ക്യാമറകള്‍ക്ക് ഓസ്ട്രേലിയയില്‍ നിരോധനം

ഓസ്ട്രേലിയയില്‍ ചൈനീസ് നിര്‍മ്മിത സി.സി. ടിവി ക്യാമറകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരം ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസാണ് പുറത്തുവിട്ടത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നടപടി.

അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണുകള്‍ കഴിഞ്ഞ ദിവസം വ്യോമസേന വെടിവച്ചിട്ടിരുന്നു. പിന്നാലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെ രഹസ്യാന്വേഷണമാണ് ചൈനീസ് ചാരബലൂണുകളുടെ ലക്ഷ്യമെന്ന് യുഎസ് ഇന്റലിജന്‍സും വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ചൈനയില്‍ നിര്‍മ്മിച്ച സി.സി. ടിവി ക്യാമറകള്‍ തന്ത്രപ്രധാനമായ കെട്ടിടങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് റിച്ചാര്‍ഡ് മാര്‍ലെസ് പ്രഖ്യാപിച്ചത്.

പ്രതിരോധ വകുപ്പ് ഉള്‍പ്പെടെ 250 -ഓളം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തൊള്ളായിരത്തിലധികം ചൈനീസ് സി.സി. ടിവി ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രിലോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്യാമറകള്‍ എല്ലാം പൂര്‍ണ്ണമായും നീക്കാനാണ് ഓസ്ട്രേലിയയുടെ തീരുമാനം. എന്നാല്‍ ഇവയൊന്നും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവ നീക്കം ചെയ്യുന്നതെന്നും ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

നേരത്തെ അമേരിക്കയും ബ്രിട്ടനും സമാന നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ നിരവധി ക്യാമറകളും ഇന്റര്‍ഫേസുകളുമാണ് അമേരിക്ക നിരോധിച്ചത്. പിന്നാലെ ഹിക്വിഷന്‍ നിര്‍മ്മിച്ച സുരക്ഷാ ക്യാമറകള്‍ യുകെ സര്‍ക്കാരും നിരോധിച്ചു.

Latest News