ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവിന് ചുമതലകളില്‍ നിന്നും നീക്കിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രിയെ നീക്കിയതായ കാര്യം ചൈനീസ് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസത്തോളമായി പൊതുമധ്യത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ലി.
മാർച്ചിലെ ക്യാബിനറ്റ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിരോധ മന്ത്രിയായ ലിയെ ഓഗസ്‌റ്റ് 29ന് ശേഷമാണ് കാണാതായത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ചുമതലകളില്‍ നിന്നും നീക്കിയതായി ഭരണകൂടം പ്രഖ്യാപിച്ചത്. നേരത്തെ മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെയും സമാനമായി കാണാതായതിനു പിന്നാലെ ജൂലൈയിൽ അദ്ദേഹത്തെയും അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ക്വിൻ, ലീ എന്നിവരുടെ തിരോധാനം ചൈനയുടെ വിദേശ നയങ്ങളിലോ പ്രതിരോധ നയങ്ങളിലോ മാറ്റം വരുത്തുമെന്ന് സൂചനയില്ലെങ്കിലും, ഇവ പ്രസിഡന്റും ഭരണകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി നേതാവുമായ ഷി ജിൻപിങ്ങിന്റെ അധികാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് മേൽനോട്ടം വഹിച്ചതുമായി ബന്ധപ്പെട്ട് യുഎസിന്റെ ഉപരോധത്തിന് കീഴിലാണ് ലി. തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിൽപ്പനയിൽ പ്രതിഷേധിച്ച് ചൈന പിന്നീട് യുഎസ് സൈന്യവുമായുള്ള ബന്ധവും വിച്ഛേദിച്ചിരുന്നു, മാത്രമല്ല ലിയ്‌ക്കെതിരായ നടപടികൾ വാഷിംഗ്ടൺ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.