മുൻ ചൈനീസ് പ്രസിഡന്റും ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനുമായിരുന്ന ജിയാങ് സെമിൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ ഷാങ്ഹായിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നു അദ്ദേഹമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
1989-ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് ചൈനയുടെ പ്രസിഡന്റായി അധികാരത്തിലെത്തുന്നത്. ഈ സംഭവം ചൈനയെ അന്താരാഷ്ട്രതലത്തിൽ തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ യാഥാസ്ഥികരും പരിഷ്‌കർത്താക്കളും തമ്മിൽ കടുത്ത അധികാര പോരാട്ടം നടന്ന സമയത്താണ് അന്ന് ബ്യൂറോക്രാറ്റായി വളർന്നുവന്ന ജിയാങിനെ രാജ്യത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഉയർത്തിയത്. 1993 മുതൽ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
1997ൽ ഹോങ്കോംഗ് സാമാധാന പരമായി കൈമാറ്റം ചെയ്തതിൽ നിർണായക പങ്കാണ് ജിയാങ് സെമിൻ വഹിച്ചത്. ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ കടന്നുവരവിനും ജിയാങ് സെമിന് കാരണമായി.