Friday, April 11, 2025

എയിംസിലെ സെർവർ ആക്രമിച്ചു ചൈനീസ് ഹാക്കർമാർ

ഡൽഹി എയിംസിന്റെ സെർവറുകൾ ഹാക്ക് ചെയ്തതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നു സംശയിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പ്രധാന സെർവറുകൾ ഹാക്ക് ചെയ്തത് ഹോങ്കോങ്ങിൽ നിന്നാണെന്ന് സൂചന. ‘വന്നറെൻ’ എന്ന റാൻസംവെയറാണ് ഹാക്കിങ്ങിനായി ഉപയോ​ഗിച്ചതെന്നും കണ്ടെത്തി.

എയിംസിലെ അഞ്ച് സെർവറുകളിലെ വിവരങ്ങളാണ് ചോർന്നിരുന്നത്. നേരത്തെ തന്നെ എയിംസ് സെർവർ ഹാക്കിങ്ങിൽ ചൈനയുടെയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചുളള ആരോപണങ്ങൾ സംശയിച്ചിരുന്നു. എംപറർ ഡ്രാ​ഗൺഫ്ലൈ, ബ്രോൺസ്റ്റാർ ലൈറ്റ് തുടങ്ങിയ ചൈനീസ് ​ഗ്രൂപ്പുകളാണ് ഹാക്കിങിന് പിന്നിലെന്നാണ് സംശയം.

ഹാക്ക് ചെയ്യപ്പെട്ട സെർവറിലെ വിവരങ്ങൾ ഏഴു ദിവസത്തിന് ശേഷം വീണ്ടെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം എയിംസ് അറിയിച്ചിരുന്നത്. എന്നാൽ, ഡാറ്റ നെറ്റ് വർക്കിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതിനാൽ തന്നെ ഓൺലൈൻ സേവനങ്ങൾ പുനരാരംഭിക്കാൻ ഇനിയും വൈകും. എയിംസിൽ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നാണ് റിപ്പോർട്ട്. ദുർബലമായ ഫയർവാളും അപ്ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് ഹാക്ക് ചെയ്യപ്പെടാനിടയായതെന്നാണ് പ്രഥമ റിപ്പോർട്ട്. ക്ലൗഡ്-കേന്ദ്രീകൃത സെർവറുകൾ ഇല്ലായിരുന്നെന്നും പറയപ്പെടുന്നു.

Latest News