ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി വായ്പയെ ചൈന ഉപയോഗിക്കുമോയെന്ന ആശങ്കയാണ് യുഎസ് പങ്കുവെക്കുന്നത്. ഇത് മൂലം ചൈനയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കേണ്ടി വരുമോയെന്നതാണ് പ്രശ്നമായി ഉന്നയിക്കുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂവിന്റേതാണ് പ്രതികരണം. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ന്യൂഡല്‍ഹിയിലെത്തുന്നത്. ഇന്ത്യ ഉള്‍പ്പടുന്ന രാജ്യങ്ങള്‍ മറ്റ് ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന നിലപാടാണ് യുഎസ് പങ്കുവെക്കുന്നത്.
‘ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങളോടാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ചൈനയടക്കമുള്ള രാജ്യങ്ങളുടെ ബാഹ്യപ്രേരണയില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്.’ എന്ന് ലൂ ചോദിക്കുന്നു. ചൈന ഡെവലപ്മെന്റ് ബാങ്ക് രാജ്യത്തിന് 700 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ സൗകര്യം അനുവദിച്ചതായി പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ ചാര ബലൂണിനെക്കുറിച്ചുള്ള വിഷയത്തില്‍ ഇന്ത്യയും യുഎസും ഗൗരവമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ലൂ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ തുടരുമെന്നും ലൂ കൂട്ടിചേര്‍ത്തു.