Tuesday, November 26, 2024

ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പങ്കെടുക്കില്ല

ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് സൂചന. പ്രസിഡന്‍റിനു പകരം ഉച്ചകോടിക്കായി പ്രധാനമന്ത്രി ലി കിയാങിനെ അയയ്ക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ എട്ടു മുതല്‍ ഡല്‍ഹിയില്‍ വച്ചാണ് ജി20 ഉച്ചകോടി നടക്കുക.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അനൗദ്യോഗിക വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശും ലഡാക്കിലെ അക്‌സായി ചിന്നും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ചൈനീ ഭൂപടം പുറത്തിറക്കിയത് വലിയ വിവാദങ്ങള്‍ക്കു കാരണമായി. ഭൂപട വിവാദം കത്തിപ്പടർന്നതോടെയാണ് ഷി എത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നത്.

ചൈനീസ് മന്ത്രാലയം പുതുക്കിയ ഭൂപടം പുറത്തുവിട്ടതിനു പിന്നാലെ രൂക്ഷപ്രതികരണവുമായി കേന്ദ്രസർക്കാരും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രദേശങ്ങൾ ചൈന കയ്യേറിയില്ലെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജി20 ഉച്ചകോടിയില്‍ ലി കിയാങിനെ അയയ്ക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Latest News