Sunday, November 24, 2024

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാരബലൂണുകള്‍ കണ്ടെത്തി

അമേരിക്കയിലെ മാൽസ്ട്രോം എയർഫോഴ്സ് ബേസിലെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാരബലൂണുകള്‍ പറക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. രണ്ടു ദിവസമായി യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ തുടരുന്ന ബലൂണുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യുഎസിന്റെ മൂന്ന് ആണവ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മോണ്ടാനയിലാണ് ബലൂണുകള്‍ കണ്ടെത്തിയിരിക്കുന്നത്. ബെയ്ജിംഗിലേക്ക് ഈ ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സന്ദര്‍ശനം നടത്താനിരിക്കെയാണ് ചൈനയുടെ ചാരബലൂണുകള്‍ വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയത്. നേരത്തെയും സമാനമായ ബലൂണുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ബലൂണുകള്‍ക്ക് കഴിയുന്നില്ലെന്ന് ഉറപ്പാക്കിയതായി പെന്‍റഗണ്‍ അറിയിച്ചു.

അതേസമയം, ബലൂൺ വെടിവച്ചിടാന്‍ എഫ്-22 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ സജ്ജമാണെങ്കിലും അത്തരം നീക്കങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. വെടിവച്ചിടുമ്പോള്‍ ബലൂണിന്റെ വലിയ അവശിഷ്ടങ്ങൾ മൊണ്ടാനയിലെ ആളുകളെ അപകടത്തിലാക്കുമെന്നാണ് പെന്‍റഗണിന്റെ വാദം.

Latest News