Monday, November 25, 2024

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; പാക്കിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം

പാക്കിസ്ഥാനില്‍ പത്തു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു. തങ്ങളുടെ മകളെ ലൈംഗിക മനുഷ്യക്കടത്തുകാര്‍ക്ക് വില്‍ക്കുമെന്ന ഭയപ്പാടിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഫെബ്രുവരി 12-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ചക്ക് 233-ആര്‍ബി ഇഖ്ലാഖ് ടൗണിലെ വീട്ടില്‍ നിന്ന് ലൈബ സുഹൈല്‍ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തീവ്ര ഇസ്ലാമിസ്റ്റായ ഷൗക്കത്ത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് സംഭവം. മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ പിതാവ്, സുഹൈല്‍ മസിഹ് വെളിപ്പെടുത്തി. കുട്ടികളെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനും അവര്‍ മനഃപൂര്‍വ്വം മതപരിവര്‍ത്തനം നടത്തിയെന്ന് കോടതിയില്‍ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതിനും മതവിദ്യാഭ്യാസം നല്‍കാനെന്ന വ്യാജേന അവരെ പിന്നീട് ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്ന് കൊണ്ടുപോയതിനും ഷാ ഈ പ്രദേശത്ത് പ്രസിദ്ധനാണ്.

താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി അവകാശപ്പെട്ട് അപേക്ഷ നല്‍കിയതായി ഫെബ്രുവരി 15 ന് പോലീസ് മസിഹിനെ അറിയിച്ചതിനെത്തുടര്‍ന്ന് മകളുടെ അഭ്യര്‍ത്ഥനപ്രകാരം കോടതി അവളെ വനിതാ അഭയകേന്ദ്രത്തിലേക്ക് അയച്ചു. അവിടെ നിന്ന് ഷാ ലൈബയെ കൊണ്ടുപോയതായി പിതാവ് മസിഹ് വെളിപ്പെടുത്തി.

”ഇതാണ് ഷായുടെ പ്രവര്‍ത്തനരീതി. അവന്റെ ഇരകളെ കൈമാറിയ ശേഷം അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. അവനും അവന്റെ കൂട്ടാളികളും ലൈംഗിക കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു, കോടതികളില്‍ വിഷയം തുടരാന്‍ കുടുംബങ്ങള്‍ക്ക് കഴിയില്ലെന്ന് കാണുമ്പോള്‍ അവര്‍ പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികളെ വില്‍ക്കുന്നു.’ – പിതാവ് നിസ്സഹായതയോടെ വെളിപ്പെടുത്തുന്നു.

ഷായ്ക്കെതിരെ കുടുംബം തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും റോഷന്‍ വാല പോലീസ് സ്റ്റേഷന്‍ തന്റെ മകളെ വീണ്ടെടുക്കാന്‍ നടപടിയെടുക്കാത്തതില്‍ അദ്ദേഹം അപലപിച്ചു. ഷായും പോലീസും മകളെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ കുടുംബം നിസ്സഹായരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് മസിഹ് പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസമോ മതപരമായ അറിവോ ഒന്നുമില്ലാത്ത പത്ത് വയസുകാരിക്ക് എങ്ങനെ ഇസ്ലാം മതം സ്വീകരിക്കാന്‍ കഴിയുമെന്ന് മസിഹ് ചോദിക്കുന്നു. കോടതിയില്‍ ലൈബയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിക്കുകയായിരുന്നു.

 

Latest News