ഫ്രാന്‍സിലെ പാരീസ് ഒളിമ്പിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ അവതരിപ്പിച്ച ലാസ്റ്റ് സപ്പറിന്റെ ഡ്രാഗ് ക്വീന്‍ നയിച്ച പാരഡി ആണ് ആഗോളവ്യാപകമായി പ്രതിഷേധത്തിനു കാരണമായി മാറുന്നത്. സംഭവത്തിനെതിരെ കത്തോലിക്കാ നേതാക്കളും പ്രശസ്തരായ ആളുകളും പ്രതിഷേധമറിയിച്ചു രംഗത്തെത്തി.
ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കും സംഭവത്തെ അപലപിച്ചവരിലുണ്ട്. ‘ ഇത് ക്രിസ്ത്യാനികളോട് അങ്ങേയറ്റം അനാദരവ് കാണിക്കുന്നു’ എന്ന് അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിലൂടെ കുറിച്ചു.
ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്ന രംഗങ്ങള്‍ അവതരിപ്പിച്ചതിനെ ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സ് ശക്തമായി വിമര്‍ശിച്ചിരുന്നു. മിനസോട്ടയിലെ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ അന്ത്യത്താഴത്തെ അവഹേളിച്ചതിനെതിരെ ശബ്ദമുയര്‍ത്താന്‍ കത്തോലിക്കാരോട് ആഹ്വാനം ചെയ്തു. ഒപ്പം ആധുനിക മതേതരത്വ സമൂഹം അതിന്റെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്നത് ക്രൈസ്തവ വിശ്വാസത്തെ ആണെന്നും അതിന്റെ പ്രകടമായ തെളിവാണ് ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ കണ്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സ്പെയിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ലാ ലിഗയുടെ പ്രസിഡന്റ് ജാവിയര്‍ ടെബാസ് മെഡ്റാനോ സംഭവത്തെ ദൈവനിന്ദയായി ആണ് വിശേഷിപ്പിച്ചത്. പാരീസ് ഒളിമ്പിക്സില്‍ അന്ത്യ അത്താഴ സംഭവത്തെ വികലമായി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലായെന്നും ക്രൈസ്തവരായ നമ്മെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അമേരിക്കയിലെ മാഡിസണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡൊണാള്‍ഡ് ഹൈയിംഗൂം ഈ ദൈവനിന്ദയ്ക്കു പകരമായി ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും വിശുദ്ധ കുര്‍ബാനയോടും തിരുഹൃദയത്തോടും കന്യാമറിയത്തോടുമുള്ള ഭക്തി പുതുക്കണമെന്നും ആഹ്വാനം ചെയ്തു. ‘ഒരു യഹൂദനെന്ന നിലയില്‍പോലും, യേശുവിനും ക്രിസ്തുമതത്തിനും എതിരായ ഈ ക്രൂരമായ അപമാനത്തില്‍ ഞാന്‍ പ്രകോപിതനാണ്’ – ഡോ. എലി ഡേവിഡ് പറഞ്ഞു. ഈ സംഭവം, സാംസ്‌കാരികമായി മരിക്കുന്ന യൂറോപ്പിനെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.