Sunday, November 24, 2024

യെമനിൽ പ്രതിസന്ധികൾക്കു നടുവിലെ ക്രൈസ്തവജീവിതം

ഏദനിൽ താമസിക്കുന്ന, പേര് വെളിപ്പെടുത്താത്ത ഒരു കത്തോലിക്കാ സ്ത്രീ യെമനിൽ ക്രൈസ്തവർ അനുഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുന്നു. “ഞാൻ മിഡിൽ സ്കൂളിൽ എത്തുന്നതുവരെ, ക്രിസ്ത്യാനികളെന്ന നിലയിൽ ഞങ്ങൾ ന്യൂനപക്ഷമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. പഠിക്കുന്ന സമയത്തും ഞങ്ങൾ ക്രിസ്ത്യാനികളായതിന്റെ പേരിൽ കഠിനമായ വെല്ലുവിളികൾ അനുഭവിച്ചു. എന്നാൽ, വർഷങ്ങളായി തുടരുന്ന അവഗണനയ്ക്ക് ഈ അടുത്ത നാളുകളിൽ നേരിയ ആശ്വാസം ലഭിച്ചുതുടങ്ങി.”

തെക്കുപടിഞ്ഞാറൻ അറേബ്യയിലെയും, പ്രത്യേകിച്ച് യെമനിലെ തുറമുഖനഗരമായ ഏദനിലെയും ക്രിസ്ത്യാനികൾ നാലാം നൂറ്റാണ്ടിൽത്തന്നെ വിശ്വാസം സ്വീകരിച്ചവരാണ്. ഇവർ നൂറ്റാണ്ടുകളോളം പീഡിപ്പിക്കപ്പെട്ടിട്ടും ക്രൈസ്തവവിശ്വാസം ഇവിടെ അതിവേഗം വളർന്നു. ഇസ്ലാമിന്റെ ആവിർഭാവത്തിനുമുമ്പ്, ഏദനിൽ ഏറ്റവും വ്യാപകമായ മതമായി ക്രൈസ്തവർ മാറി. എന്നാൽ, തീവ്രമതചിന്തകൾ ഉയർന്നുവന്നതോടെ അവിടത്തെ ക്രൈസ്തവന്യൂനപക്ഷം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങി.

1994-നുമുമ്പ്, ക്രിസ്ത്യാനികൾക്ക് സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിനും സർക്കാർജോലിക്കുമുള്ള അവകാശം നിലനിർത്തിയിരുന്നു. സ്ത്രീകൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ദൈവാലയങ്ങളിൽ പ്രാർഥന നടത്താൻ ഞങ്ങൾക്ക് ഭയപ്പെടേണ്ടിവന്നിട്ടില്ല. വിദേശവൈദികർക്ക് വിസയും താമസപദവിയും സംസ്ഥാനം നൽകി. മതം മാറാൻ ആരും ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. എന്നാൽ, മുസ്ലീം ബ്രദർഹുഡ് അധികാരത്തിലെത്തിയതോടെ അതെല്ലാം മാറിയെന്നാണ് ഈ സ്ത്രീ വെളിപ്പെടുത്തുന്നത്.

“ഞങ്ങൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരായി. ക്രിസ്തുമസ്, പുതുവത്സരം എന്നീ അവസരങ്ങളിൽ പാതിരാകുർബാന അർപ്പിക്കുന്നതിൽനിന്ന് സർക്കാർ, ഔദ്യോഗികമായി ഞങ്ങളെ വിലക്കി. ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരുന്നതിനാൽ, അതിനെതിരെ പ്രതികരിക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല. വീടും ജോലിയും നഷ്ടപ്പെടുമെന്നു ഭയന്ന് ചിലർ പലായനം ചെയ്തു, മറ്റുള്ളവർ മതം മാറി. സഭ യുവാക്കളെ പിന്തുണയ്‌ക്കുകയോ, കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിക്കുകയോ ചെയ്‌തിട്ടില്ലാത്ത ഒരു സമയത്ത് പലരും അടച്ചിട്ട വാതിലുകൾക്കുപിന്നിൽ തങ്ങളുടെ വിശ്വാസം ആചരിച്ചു” – അവർ പറയുന്നു.

1994-നുശേഷം അധികാരികൾ യെമനെ ഒരു ഇസ്ലാമികരാഷ്ട്രമാക്കാൻ ശ്രമിച്ചു. അവർ ക്രിസ്ത്യാനികൾ എന്ന ഐഡന്റിറ്റിപോലും ഇല്ലാതാക്കി. രേഖകളിൽ ‘മുസ്ലീം’ എന്നെഴുതാൻ നിർബന്ധിതരായി. ക്രിസ്ത്യാനികളാണെങ്കിലും ‘മുസ്ലീം’ എന്ന് എഴുതണം; അല്ലെങ്കിൽ അവിടെ ഒന്നും എഴുതരുത്. അങ്ങനെയായിരുന്നു അവിടുത്തെ അലിഖിതനിയമം. അമേരിക്ക ഞങ്ങൾക്ക് ഫണ്ട് നൽകുന്നു. “മതം മാറാൻ അധ്യാപകർ എന്നെ നിർബന്ധിക്കുന്നു; ദിവസവും ഖുറാൻ വായിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇസ്‌ലാമിക വിദ്യാഭ്യാസത്തിൽ എനിക്ക് മുഴുവൻ മാർക്കും ലഭിച്ചപ്പോൾ എന്റെ ഗ്രേഡുകൾ അവർ കുറച്ചുകാണിച്ചു. കാരണം അവർ എന്നോട് പറഞ്ഞു, ‘ഒരു ക്രിസ്ത്യാനിക്ക് ഒരു മുസ്ലീമിനു തുല്യനാകാൻ കഴിയില്ല” – മുസ്ലീം അധിനിവേശത്തെക്കുറിച്ച് അവർ പറയുന്നത് ഇങ്ങനെയാണ്.

“ഏദനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ കാലഘട്ടം ആരംഭിച്ചത് 2015-ലെ യുദ്ധം പൊട്ടിപ്പുറപ്പെടുകയും തുടർന്ന് പള്ളികൾ അടച്ചുപൂട്ടുകയും ചെയ്തതോടെയാണ്. പ്രാർഥിക്കുന്നതിനും മറ്റും വിലക്കേർപ്പെടുത്തിയപ്പോൾ അവർ  മഠങ്ങളിൽ പോയി രഹസ്യമായി പ്രാർഥിക്കാൻ തുടങ്ങി. എന്നാൽ പിന്നീട്, എല്ലാ സന്യാസിനികളും കൊല്ലപ്പെട്ടു, വൈദികരെ തട്ടിക്കൊണ്ടുപോയി, പള്ളികൾ മോഷ്ടിക്കപ്പെട്ടു, ചിലത് നശിപ്പിക്കപ്പെട്ടു” – യെമനിലെ ക്രൈസ്തവരുടെ അവസ്ഥ അവർ വെളിപ്പെടുത്തുന്നു.

2018-ൽ, അപേക്ഷാ ഫോമിലെ മതവിഭാഗത്തിൽ ‘ഇസ്ലാം’ എന്ന വാക്ക് എഴുതിയില്ലെങ്കിൽ ‘യെമനിൽ ക്രിസ്ത്യാനികൾ ഇല്ല’ എന്നുപറഞ്ഞ് ഞങ്ങളുടെ പാസ്‌പോർട്ട് പുതുക്കാൻ അധികാരികൾ വിസമ്മതിച്ചു. എന്നാൽ, ക്രിസ്ത്യാനികളുടെ അവസ്ഥയിൽ അടുത്തിടെ ഒരു പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. അവർ വീണ്ടും പൗരന്മാരായി അംഗീകരിക്കപ്പെട്ടു.

ഏദനിൽ ക്രൈസ്തവരുടെ സാന്നിധ്യം പുനഃസ്ഥാപിക്കാനും വൈദികരെ അങ്ങോട്ട് അയയ്ക്കാനും അടഞ്ഞുകിടക്കുന്ന പള്ളികൾ വീണ്ടും തുറക്കാനുമാണ് അവരുടെ ആവശ്യം.

Latest News