കോറ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇസ്താംബൂളിലെ പുരാതന ബൈസന്റൈന്‍ ദൈവാലയം പൂര്‍ണ്ണമായും മോസ്‌ക് ആക്കി മാറ്റി. തുര്‍ക്കിയിലെ പുരാതന ദൈവാലയങ്ങളിലൊന്നായ ഹോളി സേവ്യര്‍ ദൈവാലയം ആദ്യം മ്യൂസിയമായും പിന്നീട് കരിയേ മസ്ജിദ് ആയും എര്‍ദോഗന്‍ ഭരണകൂടം മാറ്റിയിരുന്നു. ദൈവാലയം മസ്ജിദ് ആക്കി പരിവര്‍ത്തനം ചെയ്യാന്‍ പ്രസിഡന്റ് ഉത്തരവിട്ടതിനു നാലു വര്‍ഷങ്ങള്‍ക്കുശേഷം ഈ തിങ്കളാഴ്ച, 2024 മെയ് ആറാം തീയതിയാണ് ഇവിടെ ഇസ്ലാമിക പ്രാര്‍ഥനകള്‍ നടത്തുന്നതിനായി പൂര്‍ണ്ണമായും തുറന്നുകൊടുത്തത്.
മ്യൂസിയമാക്കി മാറ്റിയ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌ക് ആക്കി മാറ്റാന്‍ 2020-ല്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് 2020 ഒക്ടോബര്‍ 30-ന് ഇവിടെ ഇസ്ലാംമത പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. മ്യൂസിയത്തില്‍ നിന്നും മസ്ജിദിലേക്കുള്ള പരിവര്‍ത്തനപദ്ധതി 2020-ല്‍ ആരംഭിച്ച് ആ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പദ്ധതി വൈകിപ്പിച്ചു.
ഇപ്രകാരം മ്യൂസിയം മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ച നാള്‍മുതല്‍ ഓര്‍ത്തഡോക്സ്, കത്തോലിക്കാ സഭകളിലെ വൈദികരും വിശ്വാസികളും വലിയ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന രീതിയിലുള്ള നടപടികളുമായി എര്‍ദോഗന്‍ ഭരണകൂടം മുന്നോട്ടുപോവുകയായിരുന്നു. ദൈവാലയത്തിനുള്ളിലെ രൂപങ്ങളും ചിത്രങ്ങളും പൂര്‍ണ്ണമായും മറച്ചശേഷമാണ് ഇവിടെ ഇസ്ലാമിക പ്രാര്‍ഥനകള്‍ നടത്തിയത്. കൂടുതല്‍ യാഥാസ്ഥിതികരും ദേശീയവാദികളുമായ തന്റെ പിന്തുണക്കാരെ ശക്തിപ്പെടുത്താനുള്ള എര്‍ദോഗന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഗ്രീക്ക് ക്രൈസ്തവരുടെ ഇടയില്‍ നോവായി കൊറേ പള്ളി
കോറ പള്ളി എന്നുകൂടി അറിയപ്പെടുന്ന ഹോളി സേവ്യര്‍ ദൈവാലയം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈന്‍ ദൈവാലയങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കൂടാതെ, നിരവധി അതുല്യമായ രൂപങ്ങളാലും പെയിന്റിംഗുകളാലും ചിത്രകലകളാലും ദൈവാലയം അലങ്കരിക്കപ്പെട്ടിരുന്നു.
ഇസ്താംബൂളിന്റെ വടക്കുകിഴക്കായുള്ള അഡ്രിയാനോപ്പിള്‍ ബൈസന്റൈന്‍ ഗേറ്റിനു സമീപം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഹോളി സേവ്യര്‍ ദൈവാലയം പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുനരുദ്ധരിച്ചിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിനുശേഷം, ഓട്ടോമന്‍ അധികാരികള്‍ 1511-ല്‍ അത് ഒരു മോസ്‌ക്കായി മാറ്റുന്നതുവരെ കെട്ടിടം അതേപടി നിലനിര്‍ത്തി. ദൈവാലയത്തിനുള്ളിലെ രൂപങ്ങളും ചിത്രങ്ങളും പൂര്‍ണ്ണമായും പ്ലാസ്റ്റര്‍ ചെയ്തു മറച്ചശേഷമാണ് അതൊരു മോസ്‌കാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍, പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ചുവരുകളില്‍ വളരെക്കാലം മറഞ്ഞിരിക്കുന്ന മാസ്റ്റര്‍ പീസുകള്‍ കണ്ടെത്തുകയും 1945-ല്‍ കെട്ടിടം ഒരു മ്യൂസിയമായി മാറ്റുകയും അതിനുള്ളിലെ മതപരമായ ആചാരങ്ങള്‍ നിരോധിക്കുകയും ചെയ്തു. എന്നാല്‍ 2020 ആഗസ്റ്റില്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, 1958-ലെ മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനം നീക്കി അതൊരു ഇസ്ലാമിക ആരാധനാലയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റുന്നതിനുള്ള എര്‍ദോഗന്റെ നടപടികളോട് ആദ്യം മുതല്‍ത്തന്നെ ഗ്രീക്ക് ക്രൈസ്തവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ദൈവാലയം പൂര്‍ണ്ണമായും മോസ്‌ക്ക് ആക്കി മാറ്റിയ തീരുമാനത്തെ മാനവികതയ്ക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തി എന്നാണ് ഗ്രീസിന്റെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.