പാക്കിസ്ഥാനിൽ, തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ക്രിസ്ത്യൻ യുവതി ആറു മാസത്തിനുശേഷം രക്ഷപെട്ടു. 18 വയസ്സുള്ള ക്രിസ്ത്യൻ യുവതി തന്റെ കത്തോലിക്കാ കുടുംബവുമായി വീണ്ടും ഒന്നിച്ചു.
ജൂൺ 28 ന് ലാഹോറിലെ ഒരു കോൾ സെന്ററിലെ ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളായ അല്ലാഹു ദിത്തയും അസ്ര ബീബിയും മകൾക്കായി തീവ്രമായ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം ഡിത്ത ഷഹ്ദര പൊലീസിൽ എഫ് ഐ ആർ ഫയൽ ചെയ്തു. മകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും മാതാപിതാക്കൾ പറയുന്നു.
“എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും മകളെ കണ്ടെത്താൻ പൊലീസ് ഒരു ശ്രമവും നടത്തിയില്ല. സംശയിക്കുന്നവരുടെ പേരുകൾ നൽകാൻ അവർ ഞങ്ങളോട് നിരന്തരം ആവശ്യപ്പെട്ടു. പക്ഷേ, ഒരു സൂചനയുമില്ലാതെ ഞങ്ങൾ ആരുടെ പേരുനൽകും?” – മാതാപിതാക്കൾ പറയുന്നു.
ആഴ്ച്ചകളായുള്ള അന്വേഷണത്തിന്റെ ഫലമായി, ഹുമയെ അബ്ദുൽ ബാസിത് ബട്ട് എന്ന മുസ്ലീം യുവാവാണ് തട്ടിക്കൊണ്ടുപോയതെന്ന് മാതാപിതാക്കൾ കണ്ടെത്തി. അയാൾ അവളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയും യുവതിയുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിക്കുകയും ചെയ്തു.
ജനുവരി 16 ന് ബട്ടിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപെടാൻ ഹുമയ്‌ക്ക് കഴിഞ്ഞത് കുടുംബത്തിന് ആശ്വാസമായെങ്കിലും ഇപ്പോഴും മകൾക്കുനേരെ ഭീഷണികൾ നിലനിൽക്കുന്ന ആശങ്കയിലാണ് ഈ കുടുംബം.