Sunday, November 24, 2024

ഇസ്ലാമിക വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരായി അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍

അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുതല്‍ കര്‍ശനമായ വസ്ത്രധാരണരീതി പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ത്രീകള്‍ക്കെതിരെ താലിബാന്‍ മന്ത്രാലയം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. കാബൂളിലെ തെരുവുകളില്‍ ഡസന്‍ കണക്കിന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നത് തുടരുമെന്ന് മന്ത്രാലയത്തിന്റെ വക്താവ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിദ്യാഭ്യാസം, ജോലി, യാത്ര, ആരോഗ്യ സംരക്ഷണം എന്നിവയിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ, അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇതിനകം നേരിടുന്ന നിരവധി നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് വസ്ത്രധാരണത്തിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അഫ്ഗാനിസ്ഥാനില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയായി ജീവിച്ചാല്‍ വധശിക്ഷപോലും ഏല്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് താലിബാന്‍ ഭരണത്തിന് കീഴില്‍ നടക്കുന്നത്.

2021 ഓഗസ്റ്റില്‍ തീവ്രവാദി സംഘം രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം, താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്ക് കര്‍ശനമായ ഇസ്ലാമിക് ഡ്രസ് കോഡാണ് നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് കണ്ണുകള്‍ മാത്രമേ വെളിപ്പെടുത്തുവാന്‍ അവര്‍ക്ക് അനുവാദമുള്ളൂ. ഇത് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ക്ക് മേലുള്ള കടുത്ത ലംഘനമാണ്.

അഫ്ഗാനിസ്ഥാനില്‍ 8000 ത്തോളം ആളുകള്‍ ക്രൈസ്തവരാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കാക്കുന്നത്. താലിബാന്‍ ഭരണത്തെ തുടര്‍ന്ന് ക്രിസ്ത്യാനികള്‍ ഒളിവില്‍ പോകുകയോ അയല്‍രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുകയോ ചെയ്തിരുന്നു.

 

Latest News