സമൂഹ മാധ്യമങ്ങളിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ. അഹ്‌സന്‍ രാജ മസിഹ് എന്നയാള്‍ക്കാണ് ശനിയാഴ്ച ഭീകരവാദവിരുദ്ധകോടതി വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ 10 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 22 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഇയാള്‍ ടിക്ടോക്കില്‍ പങ്കുവെച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ഓഗസ്റ്റില്‍ പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവരുടെ ആരാധനാലായങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് തിരികൊളുത്തിയത് ഇയാളിട്ട പോസ്റ്റാണെന്നും ആരോപിക്കുന്നു. അന്ന് ഫൈസലാബാദ് ജില്ലയിലെ ജരന്‍വാലയില്‍ 24 പള്ളികളും എണ്‍പതിലേറെ വീടുകളും അഗ്നിക്കിരയായിരുന്നു.