അടുത്ത നാളുകളിലായി നൈജീരിയയിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, വടക്കൻ മധ്യ നൈജീരിയയിൽ, പ്രത്യേകിച്ച് ബെന്യൂ, പീഠഭൂമി സംസ്ഥാനങ്ങളിൽ ഇസ്ലാമിക ഫുലാനി തീവ്രവാദികൾ നിരവധി ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയത്. സമാധാനത്തിനുവേണ്ടി വാദിച്ച ഫുലാനി നേതാവിനെപ്പോലും തീവ്രവാദികൾ കൊലപ്പെടുത്തി. കൊലപാതകങ്ങൾ മാത്രമല്ല, തട്ടിക്കൊണ്ടുപോകലും കൃഷിയിടങ്ങളിൽ ജോലിചെയ്യാൻ അനുവദിക്കാതെയും തീവ്രവാദികൾ ക്രൈസ്തവരെ ദ്രോഹിക്കുകയാണ്.
ക്രിസ്ത്യൻ കർഷകരെ ലക്ഷ്യമിടുന്ന തീവ്രവാദികൾ
ജൂലൈ 14 ഞായറാഴ്ച, ഫുലാനി തീവ്രവാദികൾ ബെന്യൂ കമ്മ്യൂണിറ്റികൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 13 ക്രിസ്ത്യൻ കർഷകരാണ് കൊല്ലപ്പെട്ടത്. അഗതുവിലെ എഗ്വുമ ഗ്രാമത്തിൽ 12 പേരും ഗ്വെർ വെസ്റ്റ് കൗണ്ടിയിൽ ഒരാളും വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു. കൂടാതെ, നിരവധി ആളുകളെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കുശേഷം കാണാതായിരിക്കുന്നത്.
ക്രൈസ്തവരുടെ വരുമാനമാർഗങ്ങൾ തടസപ്പെടുത്തുകയും ഒപ്പം അവരെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഒരു ഇസ്ലാമികരാഷ്ട്രം സൃഷ്ടിച്ചെടുക്കുകയാണ് ഈ ആക്രമണങ്ങളിലൂടെ തീവ്രവാദികൾ ലക്ഷ്യമിടുന്നത്. ഭയം നിമിത്തം പലായനം ചെയ്യുന്ന ക്രൈസ്തവർ തങ്ങളുടെ ജീവിതം വളരെ ദുരിതപൂർണ്ണമായി മുന്നോട്ടു കൊണ്ടുപോകാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ബെന്യൂ സംസ്ഥാനത്തുള്ളത്.
“ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) നൈജീരിയൻ അധികാരികളോട്, ഈ സുരക്ഷാപ്രശ്‌നങ്ങൾ സമഗ്രമായി അന്വേഷിക്കാനും പരിഹരിക്കാനും പ്രശ്നബാധിത ക്രിസ്ത്യൻ കമ്മ്യൂണിറ്റികളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടു. ഒപ്പം ഐ. ഡി. പി.കൾക്കും ദുരിതബാധിതർക്കും തുടർച്ചയായി സഹായം നൽകുന്നതും നിർണ്ണയകമാണ്” – ഒരു ഐ. സി. സി. സ്റ്റാഫ് വെളിപ്പെടുത്തി.
സമാധാനത്തിനായി വാദിക്കുന്നവർപോലും കൊല്ലപ്പെടുന്ന നാട്
സമാധാനത്തിനായി വാദിക്കുന്നവർ സ്വന്തം സംഘത്തിലുള്ളവരാണെങ്കിൽപ്പോലും അവരെ കൊലപ്പെടുത്തുന്ന ക്രൂരമായ രീതിയിലേക്കു വളർന്നിരിക്കുകയാണ് ഫുലാനി തീവ്രവാദികൾ. അതിന് ഉദാഹരണമാണ് യാക്കൂബു മുഹമ്മദ് എന്ന യുവാവിന്റെ മരണം. ഇറിഗ്വെ/ ഫുലാനി – ബസ്സ കൗണ്ടിയിലെ 17 അംഗ സമാധാന നിർവഹണസമിതിയിലെ പ്രമുഖ അംഗമായ ഇദ്ദേഹം തീവ്രവാദികളുടെ കൈകളാൽ കൊല്ലപ്പെടുകയായിരുന്നു. കമ്മറ്റിയിലെ സജീവ അംഗവും ഫുലാനി യൂത്ത് നേതാവുമായിരുന്ന അദ്ദേഹം, പീഠഭൂമി സംസ്ഥാനത്തെ ബാസ കൗണ്ടിയിൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും ക്രിസ്ത്യൻ നേതാക്കൾക്കും രഹസ്യവിവരം നൽകിയിരുന്നു.
ഇസ്ലാമിക് ഫുലാനി തീവ്രവാദികൾ നടത്തിയതായി വിശ്വസിക്കുന്ന മുഹമ്മദിന്റെ കൊലപാതകം, സമാധാനവക്താക്കൾ അഭിമുഖീകരിക്കുന്ന അപകടങ്ങളെ അടിവരയിടുകയും ഇറിഗ്വെ/ ഫുലാനി – ബസ്സയിലും അതിനപ്പുറമുള്ള എല്ലാ സമാധാനവക്താക്കളുടെ സുരക്ഷയെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു.
തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമാകുന്ന കടുന
ഇസ്ലാമിക ഫുലാനി തീവ്രവാദ ആക്രമണങ്ങൾക്കുപുറമെ, തെക്കൻ കടുനയിലെ ക്രിസ്ത്യാനികൾ മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള കൊള്ളക്കാരുടെ തട്ടിക്കൊണ്ടുപോകലുകളും നേരിടുന്നു. അടുത്തിടെ, 57 ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടുപോകലിന് ഇരകളായിരുന്നു. മോചനദ്രവ്യം നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇവരിൽ 11 പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവങ്ങൾ സാമുദായികജീവിതത്തെ, പ്രത്യേകിച്ച് കൃഷിയെയും ദൈവാലയവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് സുരക്ഷാ അധികാരികൾക്ക് വ്യക്തമായ ധാരണകളുണ്ടെങ്കിലും പലപ്പോഴും ഇവർ മൗനം പാലിക്കുകയാണ്. ശരിയായ നടപടികൾ സ്വീകരിക്കുന്നതിൽ ഇവർ മടികാട്ടുന്നു എന്നതും ഇവിടുത്തെ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു.
തങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അനുദിനവും ഏറുകയാണെങ്കിലും ഇവർ വിശ്വാസത്തിൽ ശക്തരാണ്. ക്രൈസ്തവ വിശ്വാസത്തെ നെഞ്ചോടുചേർത്ത് നല്ലൊരു നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.