വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സഭാതലവന്മാർ സംയുക്ത ക്രിസ്തുമസ് സന്ദേശം പുറത്തിറക്കി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ക്രിസ്തുമസ് സന്ദേശത്തിലൂടെ ക്രിസ്ത്യൻ സഭാതലവന്മാർ ആഹ്വാനം ചെയ്തു.
“നമ്മുടെ പ്രദേശത്ത് തുടരുന്ന സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഈ ഇരുണ്ട ദിനങ്ങൾക്കിടയിൽ ഞങ്ങൾ – പാത്രിയർക്കീസും ജറുസലേമിലെ സഭകളുടെ തലവന്മാരും നമ്മുടെ പ്രാദേശികസഭകളോടും വിശാലമായ ലോകത്തോടും യഥാർഥ വെളിച്ചത്തിന്റെ നിത്യമായ ക്രിസ്തുമസ് സന്ദേശം പ്രഘോഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിൽ ദൈവത്തിന്റെ രക്ഷയുടെ വെളിച്ചം ആദ്യമായി ലോകത്തിലേക്കു വന്നു. അന്നും ഇന്നും അവനെ സ്വീകരിക്കുന്ന എല്ലാവരെയും പ്രകാശിപ്പിക്കുകയും തിന്മയുടെ ഇരുണ്ടശക്തികളെ മറികടക്കാൻ അവർക്ക് ‘കൃപയുടെമേൽ കൃപ’ നൽകുകയും ചെയ്തു” – ക്രിസ്തുമസ് സന്ദേശത്തിൽ പറയുന്നു.
നിലവിൽ, 2023 ഒക്‌ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 45,000 ലധികം പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന പലസ്തീനിയൻ ആരോഗ്യ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.