തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിലും പ്രത്യേക പാതിരാ കുർബാനകളും പ്രാർത്ഥനകളും നടന്നു. സ്‌നേഹമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
ഉണ്ണിയേശുവിന്റെ ആദ്യത്തെ വിശ്രമസ്ഥലമായ ഒരു പുൽത്തൊട്ടിക്ക് ക്രിസ്‌മസിന്റെ അർത്ഥത്തെക്കുറിച്ച് വളരെയധികം പഠിപ്പിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ക്രിസ്മസ് എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. യേശു ക്രിസ്തു നൽകിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം ഓർമ്മിക്കണം എന്നും രാഷ്ട്രപതി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.
വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ദിനാശംസ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു