Wednesday, February 19, 2025

ക്രിസ്തുമസ് ആഘോഷിച്ച് ക്രൈസ്തവ ലോകം; ആശംസകളുമായി നേതാക്കൾ

ഇന്ന് ക്രിസ്മസ്. സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം പകർന്നുകൊണ്ട് ലോകത്തിലേയ്ക്ക് കടന്നു വന്ന ദൈവപുത്രന്റെ തിരുപ്പിറവി ഓർമ്മയിൽ ക്രൈസ്തവ ലോകം ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കേരളത്തിലുടനീളം എല്ലാ ദേവാലയങ്ങളിലും രാത്രിയിൽ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി വിശുദ്ധ കുർബാന അർപ്പണം നടന്നു.

കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. “പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്തുമസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്തുമസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്തുമസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു” സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികൾക്ക് ആശംസ അർപ്പിച്ചു. “ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്റേയും ദുരിതത്തിന്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റയും അർത്ഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം” സന്ദേശത്തിൽ വിഡി സതീശൻ വ്യക്തമാക്കി.

Latest News