ചൈനയിലെ വുഹാനിലെ ലാബിൽ നിന്നുള്ള ചോർച്ചയാണ് കോവിഡ് പൊട്ടിപ്പുറപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഉറവിടമെന്ന് പറഞ്ഞ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA). മൃഗങ്ങളിൽനിന്നുള്ള സ്വാഭാവിക ഉദ്ഭവത്തെക്കാൾ ചൈനീസ് ലാബിൽ നിന്നുള്ള ലാബ് ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്ന പുതിയ വിലയിരുത്തൽ പുറത്തിറക്കിയെങ്കിലും ഇത് ‘കുറഞ്ഞ ആത്മവിശ്വാസത്തോടെ’ ആണ് പുറത്തുവിടുന്നതെന്ന് ഏജൻസി ഊന്നിപ്പറഞ്ഞു.
ലാബ് ചോർച്ച സിദ്ധാന്തത്തെ പണ്ടേ അനുകൂലിച്ചിരുന്ന സി. ഐ. എ. യുടെ പുതിയ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നാണ് ഈ വിലയിരുത്തൽ. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ചോർച്ചയിൽ നിന്നാണ് കോവിഡ് ഉണ്ടായതെന്ന് റാറ്റ്ക്ലിഫ് അവകാശപ്പെടുന്നു. ഇത് അണുബാധകളുടെ ആദ്യ ക്ലസ്റ്റർ ഉയർന്നുവന്ന ഹുവാനാൻ വെറ്റ് മാർക്കറ്റിനു സമീപം സ്ഥിതിചെയ്യുന്നു.
സി. ഐ. എ. യുടെ വിലയിരുത്തൽ ഉണ്ടായിരുന്നിട്ടും, കോവിഡ് പാൻഡെമിക്കിന്റെ കാരണത്തെക്കുറിച്ച് ഇപ്പോഴും സമവായമില്ല. ചില ശാസ്ത്രജ്ഞർ ‘സ്വാഭാവിക ഉദ്ഭവം’ എന്ന സിദ്ധാന്തത്തെ പിന്തുണച്ചുകൊണ്ട് ലബോറട്ടറി പങ്കാളിത്തമില്ലാതെ മൃഗങ്ങളിൽനിന്ന് വൈറസ് സ്വാഭാവികമായി പടരുന്നുവെന്ന് വാദിക്കുന്നു. ലാബ് ലീക്ക് സിദ്ധാന്തത്തെ പല ശാസ്ത്രജ്ഞരും എതിർത്തിട്ടുണ്ട്. അതിനെ പിന്തുണയ്ക്കാൻ കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് അവർ പറയുന്നു. ലാബിൽനിന്നും വൈറസ് പുറത്തുവന്നതാണെന്ന അവകാശവാദം വാഷിംഗ്ടണിന്റെ ‘രാഷ്ട്രീയ കൃത്രിമം’ എന്ന് പറഞ്ഞുകൊണ്ട് ചൈനയും തള്ളിക്കളഞ്ഞു.