Sunday, November 24, 2024

തീയേറ്ററില്‍ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കാം; കുടിവെള്ളം സൗജന്യമായി നല്‍കണം; നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി അറിയിച്ചു.

സിനിമ കാണാനെത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യാന്‍ തീയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണ്. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും വിലക്കാനുള്ള അധികാരവും ഉടമകള്‍ക്കുണ്ട്. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണങ്ങളും പാനീയങ്ങളും തടയരുതെന്നും കോടതി അറിയിച്ചു.

തീയേറ്ററുകള്‍ സ്വകാര്യ സ്വത്തുക്കള്‍ ആയതുകൊണ്ട് അവിടേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നത് സംബന്ധിച്ചും എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം തീയേറ്റര്‍ ഉടമകള്‍ക്കാണ്. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.

മള്‍ട്ടിപ്ലക്സുകളിലും സിനിമാ തീയേറ്ററുകളിലും എത്തുന്ന കാണികള്‍ക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരുന്നത് തടയരുതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി തീയേറ്റര്‍ ഉടമകളുടെ അധികാരത്തെ പിന്തുണച്ചിരിക്കുന്നത്.

 

Latest News