Monday, November 25, 2024

അനാവശ്യ കോളുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി സിട്ര

രാജ്യത്ത് സ്പാം കോളുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് തടയാനുള്ള നടപടികളുമായി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി(സിട്ര). വ്യക്തികളുടെ മൊബൈല്‍ ഫോണിലേക്ക്, വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സാധ്യതകളാണ് അധികൃതര്‍ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട കരടുരേഖ സിട്രയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

വ്യക്തികള്‍ സിം കാര്‍ഡുകള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കാനാണ് അധികൃതരുടെ പദ്ധതി. ഇതോടെ കോളുകള്‍ വരുമ്പോള്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കില്‍കൂടിയും തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോക്താക്കളുടെ ഫോണില്‍ തെളിയും. കോളര്‍ ഐഡന്‍റിഫിക്കേഷന്‍ വികസിപ്പിക്കുന്നതോടെ വ്യാജകോളുകള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം, രാജ്യത്ത് ട്രൂ കോളര്‍ ഉള്‍പ്പടെയുള്ള കോളര്‍ ഐഡന്‍റിഫിക്കേഷന്‍ ആപ്പുകളുണ്ടെങ്കിലും ഇത് പരിമിതമായ തോതില്‍മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കെ.വൈ.സി ഡാറ്റായില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ദിഷ്ട ആപ്പില്‍ വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ലഭിക്കും. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ നവംബര്‍ 29 വരെ സമയമുണ്ട്.

Latest News