Sunday, November 24, 2024

അറിയാം ഡല്‍ഹിയെന്ന ചരിത്ര നഗരത്തെ ‘സിറ്റി ഓഫ് ജിന്‍സി’ലൂടെ

സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനും കലാ ചരിത്രകാരനും ക്യൂറേറ്ററും ബ്രോഡ്കാസ്റ്ററും നിരൂപകനുമാണ് വില്യം ഡാല്‍റിംപിള്‍. രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന വില്യം ഡാല്‍റിംപിള്‍ ട്രിനിറ്റി, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ സണ്‍ഡേ ടൈംസ് ലേഖകനായിട്ടാണ് എഴുത്തുജീവിതം ആരംഭിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യ ഡാല്‍റിംപിളിനെ ആകര്‍ഷിച്ചു. എഴുത്തുകാരനായും ചരിത്രഗവേഷകനായും സഞ്ചാരിയായും ഇന്ത്യയിലെ പല ദേശങ്ങള്‍ പിന്നിട്ടു. പല ജനതയെ അറിഞ്ഞു. 1989 ല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. അതേവര്‍ഷമാണ് ആദ്യ പുസ്തകം ‘ഇന്‍ സാനഡു’ പ്രസിദ്ധീകരിച്ചത്.

‘സിറ്റി ഓഫ് ജിന്‍’ (ജിന്നുകളുടെ നഗരം) ആണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആദ്യ പുസ്തകം. ‘ദി എയ്ജ് ഓഫ് കാളി’, ‘വൈറ്റ് മുഗള്‍സ്’, ‘ദ ലാസ്റ്റ് മുഗള്‍’ തുടങ്ങിയവ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകങ്ങളാണ്. ഡഫ് കൂപ്പര്‍ മെമ്മോറിയല്‍ സമ്മാനം, തോമസ് കുക്ക് ട്രാവല്‍ ബുക്ക് അവാര്‍ഡ്, സണ്‍ഡേ ടൈംസ് യംഗ് ബ്രിട്ടീഷ് റൈറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, ഹെമിംഗ്വേ, കപുസിയസ്‌കി, വുള്‍ഫ്സണ്‍ സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും സമ്മാനങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നേടിയിട്ടുണ്ട്.

ചരിത്രത്തിന്റെയും യാത്രയുടെയും എഴുത്തുകാരനായാണ് വില്യം ഡാല്‍റിംപിള്‍ അറിയപ്പെടുന്നത്. എണ്ണം പറഞ്ഞ പുസ്തകങ്ങള്‍ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കുകയും ഇന്ത്യാ ചരിത്രത്തിന്റെ നിരവധി ഏടുകള്‍ വായനക്കാരെ പരിചയപ്പെടുത്തുകയും ചെയ്തയാളാണ് അദ്ദേഹം.

ഡല്‍ഹിയുടെ ചരിത്രത്തെക്കുറിച്ച് വില്യം ഡാല്‍റിംപിള്‍ എഴുതിയ പുസ്തകമാണ് സിറ്റി ഓഫ് ജിന്‍സ് (ജിന്നുകളുടെ നഗരം). 1993-ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980-കളുടെ അവസാനം ഒരു വര്‍ഷത്തെ ഡല്‍ഹി വാസക്കാലത്ത് വിവിധ ചരിത്രാവശിഷ്ടങ്ങളിലൂടെയുള്ള സഞ്ചാരത്തെ ആസ്പദമാക്കിയെഴുതിയ പുസ്തകമാണിത്. 1984-ലെ സിഖ് കൂട്ടക്കൊല മുതല്‍ ഡല്‍ഹിയിലെ ആദ്യത്തെ നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ കാലം വരെയുള്ള ചരിത്രവും അതിന്റെ അവശേഷിപ്പുകളും അടയാളങ്ങളുമായി കൂട്ടിയിണക്കി ഇതില്‍ വിവരിക്കുന്നു. ഫിറോസ് ഷാ കോട്‌ലയിലെ ശ്മശാനത്തില്‍ ജിന്നുകളുടെ നേതാവിനോട് സംസാരിച്ച സൂഫി പീര്‍ സദറുദ്ദീന്റെ കഥ പറഞ്ഞാണ് വില്യം ഡാല്‍റിംപിള്‍ ജിന്നുകളുടെ നഗരത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്.

ജിന്നുകളുടെ നഗരം കൗതുകകരമായ ഒരു യാത്രാവിവരണമാണ്. ഇന്ത്യയുടെ ചരിത്ര തലസ്ഥാനത്തെക്കുറിച്ചുള്ള ഒരു നോവല്‍ പോലെയാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. തൊണ്ണൂറുകളില്‍ പുസ്തകം രൂപപ്പെട്ട കാലത്തെ ഡല്‍ഹിയിലെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് വിവരണം നീങ്ങുന്നത്. നഗരത്തിലെ രാഷ്ട്രീയം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, സിഖ് വിരുദ്ധ കലാപം, 1947 ലെ സ്വാതന്ത്ര്യം, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും രണ്ട് പുതിയ സംസ്ഥാനങ്ങളുടെ സൃഷ്ടി, ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍, മുഗള്‍ പ്രതാപം, സൂഫികള്‍, ഫക്കീറുകള്‍, അമീറുകള്‍, മുഗള്‍ ഹവേലികള്‍, നാച്ച് പെണ്‍കുട്ടികള്‍, പഴയ ഡല്‍ഹി, അവസാന മുഗള്‍ ബഹദൂര്‍ ഷാ സഫര്‍ തുടങ്ങിയവ പുസ്തകം വിവരിക്കുന്നു. ഡല്‍ഹിയിലെ സുല്‍ത്താന്മാരുടെ കാലങ്ങളിലേക്കും അവരുടെ ക്രൂരതകളിലേക്കും അവരുടെ അഴിമതിക്കാരായ ചരിത്രകാരന്മാരിലേക്കും കോടതി ലേഖകരിലേക്കും വിവിധ സഞ്ചാരികളുടെ വിവരണങ്ങളിലേക്കും ചരിത്രത്തിലേക്കും പിന്നീട് എഴുത്തുകാരന്‍ മടങ്ങുന്നു.

നഗരം, തെരുവുകള്‍, ജീവിതം, ആളുകള്‍, സ്മാരകങ്ങള്‍ എന്നിവയുടെ വിവരണം വില്യമിനൊപ്പം യാത്ര ചെയ്യാന്‍ തോന്നുന്ന തരത്തിലാണ് വിവരിച്ചിരിക്കുന്നത്. വ്യത്യസ്തകള്‍ ഏറെയുള്ള ഒരു നഗരത്തിന്റെ മഹത്തായ ഛായാചിത്രം, അതിനെ ‘ജിന്നുകളുടെ നഗരം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. അത് കൗതുകകരവും ചരിത്രത്തോളം തന്നെ പഴക്കം തോന്നുന്നതും നിഗൂഢവും പുരാണപരമായ കഥകള്‍ പോലെയുമാണ്. ‘നൂറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം ചാരത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു ഫിനിക്സ് പക്ഷിയെപ്പോലെയാണ് ഡല്‍ഹി’ എന്നാണ് വില്യം ഡാല്‍റിംപിള്‍ പറഞ്ഞു വയ്ക്കുന്നത്. പുനര്‍ജനിച്ച ഒരു രാജ്യത്തിന്റെ പുതുതായി ഉയിര്‍ത്തെഴുന്നേറ്റ നഗരത്തിന്റെ അതിശയകരമായ ഛായാചിത്രമെന്ന നിലയില്‍ രസകരവും ആകര്‍ഷകവുമായ ഒരു സൃഷ്ടിയാണ് ‘ജിന്നുകളുടെ നഗരം’.

 

Latest News