റഷ്യന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് വയസുള്ള കുട്ടിയടക്കം അഞ്ച് പേര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ സ്ലോവാന്‍സ്‌കി നഗരത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷെല്ലാക്രമണത്തില്‍ അഞ്ച് വീടുകളും അഞ്ച് ഫ്ളാറ്റുകളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഏഴുപേരെ കാണാനില്ലെന്നും, ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഗവര്‍ണര്‍ പാവ്ലോ കിരിലെങ്കോ പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും എസ്-300 മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ക്രൂരമായ ആക്രമണത്തെ അപലപിച്ചു. ‘പകല്‍ വെളിച്ചത്തില്‍ ആളുകളെ കൊന്നൊടുക്കുന്നു, രാജ്യത്തെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കുകയാണ്. റഷ്യയുടെ ദുഷ്ട ഭരണകൂടം അതിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കല്‍ കൂടി തെളിയിച്ചു,” അദ്ദേഹം ടെലിഗ്രാമില്‍ കുറിച്ചു.