Monday, November 25, 2024

സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അനുകൂലികളുടെ അതിക്രമവും അഴിഞ്ഞാട്ടവും, ശ്രീലങ്കയില്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ

പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ടെത്തിയ പ്രകടനക്കാരുമായി സര്‍ക്കാര്‍ അനുഭാവികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

ഏറ്റുമുട്ടലില്‍ 78 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന നിരായുധരായ പ്രതിഷേധക്കാരെ വടികളും ആയുധങ്ങളുമായെത്തിയ രാജപക്സെ അനുകൂലികള്‍ ആക്രമിച്ചതായി എഎഫ്പി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ സ്ഥാപിച്ച ടെന്റുകളും മറ്റും തകര്‍ക്കാന്‍ പോലീസ് ലൈനുകള്‍ ലംഘിച്ചെത്തിയ സര്‍ക്കാര്‍ അനുകൂലികള്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടക്കാല ഭരണം രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബായയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ മഹിന്ദ രാജപ്ക്സ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചേക്കുമെന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്.

‘സംയമനം പാലിക്കാനും അക്രമം അക്രമത്തിന് കാരണമാകുമെന്ന് ഓര്‍ക്കാനും ഞാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രതിജ്ഞാബദ്ധമായ ഒരു സാമ്പത്തിക പരിഹാരം ആവശ്യമാണ്,’ പ്രധാനമന്ത്രി മഹിന്ദ ട്വീറ്റ് ചെയ്തു.

അക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി പ്രസിഡന്റ് ഗോതബയ പറഞ്ഞു. ‘രാഷ്ട്രീയം പരിഗണിക്കാതെ, അക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നു. അക്രമം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല. എല്ലാ പൗരന്മാരോടും ശാന്തത പാലിക്കാനും സംയമനം പാലിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരോടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപമുള്ള പ്രതിഷേധ കേന്ദ്രമായ മൈനഗോഗാമയ്ക്ക് പുറത്ത് മഹിന്ദയുടെ ഒരു കൂട്ടം അനുയായികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചതായി ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്ഫോമായ ഡെയ്ലി മിററിന്റെ ഒരു റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് ഇതുവരെ 16 പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണല്‍ ഹോസ്പിറ്റല്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ പോലീസിന്റെ മനുഷ്യച്ചങ്ങല മറികടന്നാണ് ഗോതഗോഗാമയെ ആക്രമിച്ചത്്. അക്രമത്തെത്തുടര്‍ന്ന് കൊളംബോയില്‍ ഉടന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

 

 

Latest News