Wednesday, November 27, 2024

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാരാമുള്ള ജില്ലയിലെ വാനിഗം പയീൻ ക്രീരി മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. തോക്കുകൾ ഉൾപ്പടെ വൻ ആയുധ ശേഖരം ഭീകരരിൽ നിന്നും പിടിച്ചെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.

വടക്കൻ കാശ്മീരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നു മേഖലയിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പരിശോധനക്കിടെ തിരച്ചിൽ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സേനയുടെ ചെറുത്തു നിൽപ്പിനിടയിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയായിരുന്നെന്നു ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്ന് കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

അതേസമയം ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം നേരത്തെ വധിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള തീവ്രവാദ ലോഞ്ച് പാഡുകളിലൊന്നിൽ നിന്ന് മച്ചിൽ സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Latest News