പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഒരാഴ്ചയായി തുടരുന്ന അതിരൂക്ഷമായ സൈനികസംഘർഷത്തിൽ ഒരുലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു ‘തുറന്ന യുദ്ധത്തിലേക്ക്’ നീങ്ങുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
ഒരാഴ്ച പഴക്കമുള്ള സംഘർഷം ഒരുലക്ഷത്തിലധികം ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കിയതായി യുഎൻ പറയുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് 1,15,000 പേരും പാക്കിസ്ഥാനിൽ നിന്ന് മൂവായിരം പേരും പലായനം ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി വ്യക്തമാക്കി. അതേസമയം, അയൽരാജ്യമായ പാക്കിസ്ഥാനുമായുള്ള ശത്രുത കഴിഞ്ഞയാഴ്ച രൂക്ഷമായതിനെത്തുടർന്ന് 24 കുട്ടികൾ ഉൾപ്പെടെ 56 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായും യുഎൻ അറിയിച്ചു.
സംഘർഷം രൂക്ഷമായതോടെ അതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയാണ്. പലരും അഭയാർഥി ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ് അഭയം തേടിയിരിക്കുന്നത്. ഈ വർഷാരംഭം മുതൽ, അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 69 ആണ്. കൂടാതെ, 141 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് വോൾക്കർ ടർക്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു. “പാക്കിസ്ഥാൻ സൈന്യവും അഫ്ഗാൻ സുരക്ഷാസേനയും അവരുടെ പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്നും ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിന് മുൻഗണന നൽകണമെന്നും” യുഎൻ ആവശ്യപ്പെട്ടു.

