സിറിയൻ തലസ്ഥാനമായ ഡ്രൂസ് ഭൂരിപക്ഷ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ, കുറഞ്ഞത് 16 സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സിറിയൻ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഡമാസ്കസിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഷ്‌റഫിയ സഹ്‌നയ പട്ടണത്തിൽ അജ്ഞാതർ സുരക്ഷാ ചെക്ക്‌പോയിന്റിൽ ആക്രമണം നടത്തിയതിനെ തുടർന്ന് രാത്രി മുഴുവൻ പോരാട്ടം നടന്നതായും റിപ്പോർട്ടുണ്ട്.
ഡ്രൂസ് ഭൂരിപക്ഷ ഡമാസ്കസ് പ്രാന്തപ്രദേശമായ ജരാമനയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കുറഞ്ഞത് പത്തുപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു കെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവിലെ മുഴുവൻ വെടിയൊച്ചകളും സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും കേട്ടതായി താമസക്കാരും പറയുന്നു.
സുരക്ഷാസേന പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചുപൂട്ടി, പോരാട്ടം തടയാൻ കൂടുതൽ സേനയെ അയച്ചു. ഡമാസ്കസിനു തെക്ക് ഡ്രൂസ് ജനതയെ ആക്രമിക്കാൻ തയ്യാറെടുത്ത ഒരു തീവ്രവാദ ഗ്രൂപ്പിനെ ഇസ്രായേൽ സൈന്യം തിരികെ ആക്രമിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഡമാസ്കസിനു പുറത്ത് സിറിയൻ സുരക്ഷാസേനയിലെ ഒരു അംഗം ഇസ്രായേലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, തെക്കൻ സിറിയയിലെ ഡ്രൂസ് ജനതയെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ പറഞ്ഞു.