അമേരിക്കയിലെ യുവ ശാസ്ത്രജ്ഞനായി 14 കാരനായ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹേമാൻ ബെക്കെലെ തിരഞ്ഞെടുക്കപ്പെട്ടു. 2023-ലെ യംഗ് സയന്റിസ്റ്റ്സ് ചലഞ്ചിൽ ത്വക്ക് കാൻസറിനെ ചികിത്സിക്കുന്ന സോപ്പ് വികസിപ്പിച്ചതിനാണ് അംഗീകാരം. വെർജീനിയയിലെ അന്നൻഡേലിലുള്ള ഡബ്ല്യുടി വുഡ്‌സൺ ഹൈസ്‌കൂള്‍ വിദ്യാർഥിയാണ് യുവ ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ട ബെക്കെലെ.
മൂന്നു ചേരുവകളുള്ള ഔഷധ സോപ്പുകള്‍ ചേർത്താണ് ബെകെലെ ത്വക്ക് കാൻസറിനെ ചികിത്സിക്കുന്ന സോപ്പ് വികസിപ്പിച്ചത്. സോപ്പിലെ ചേരുവകള്‍ മാരകമായ രോഗത്തിനെതിരെ പോരാടുന്നതിനും രോഗപ്രതിരോധത്തിനുള്ള ഡെൻഡ്രിറ്റിക് കോശങ്ങളെ സജീവമാക്കുന്നതിനും സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഇതിലുടെ ത്വക്ക് കാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും ബെക്കെലെ വാദിക്കുന്നു.
“വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നവരിലാണ് ത്വക് ക്യന്‍സര്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്, ഇതിനെതിരായ ചികിത്സയുടെ ഭാഗമായുള്ള ഓപ്പറേഷന് ഏകദേശം $40,000 ഡോളറാണ് ശരാശരി ചെലവ്.” ബെക്കെലെ പറയുന്നു. ഈ നിരക്ക് രോഗികള്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും ഇതേ തുടര്‍ന്നാണ് മിതമായ നിരക്കില്‍ ചികിത്സയ്ക്കു സഹായിക്കുന്ന സോപ്പ് നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെറും 0.50 ഡോളറാണ് ബെക്കലെ വികസിപ്പിച്ച ഓരോ സോപ്പിന്റെയും വില.