വംശീയ സംഘട്ടനങ്ങളെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ടു മാസത്തിലേറെയായി അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്നു. ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളാണ് ബുധനാഴ്ച വീണ്ടും പുനഃരാരംഭിച്ചത്. ക്ലാസുകൾ പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതം ചെയ്തു.
ജൂലൈ അഞ്ചു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന്, തിങ്കളാഴ്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലാസുകള്‍ ആരംഭിച്ചത്. ആദ്യ ദിവസം മിക്ക സ്ഥാപനങ്ങളിലും ഹാജർനില വളരെ കുറവായിരുന്നെങ്കിലും സ്കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. “ഞാൻ വളരെ സന്തോഷവാനാണ്. രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം എനിക്ക് എന്റെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ കഴിയും. മാത്രമല്ല, എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാം” – ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ലിന്തോയ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കു പുറമെ, സ്കൂളുകള്‍ തുറക്കുന്നതിനെ പിന്തുണച്ച് രക്ഷിതാക്കളും രംഗത്തെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും ദിവസേന ഏതാനും മണിക്കൂറുകളെങ്കിലും സ്കൂളുകൾ തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതോടൊപ്പം വിദ്യാർഥികളുടെ സുരക്ഷ ആശങ്കയായി തുടരുന്നുവെന്നും അതിനാല്‍ അവരുടെ സുരക്ഷക്കായി സർക്കാർ എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
“സ്കൂളിൽ ആദ്യ ദിവസം ഹാജർനില വെറും 10% മാത്രമായിരുന്നു; വരുംദിവസങ്ങളിൽ അത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാർഥികളുടെ ഭാവി നമുക്ക് അവഗണിക്കാനാവില്ല. അവർ പുതിയ അറിവുകൾ നേടുന്ന സമയമാണിത്. അതിനാൽ, റെഗുലർ ക്ലാസുകൾ തുടരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും” – ഇംഫാലിലുള്ള ഒരു സ്കൂളിലെ പ്രധാന അധ്യാപികയായ രഞ്ജിതാദേവി പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷക്കാവശ്യമായ നടപടികൾ സ്കൂൾ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.