കനത്ത മഴയെ തുടര്‍ന്നുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശില്‍ 12 പേര്‍ മരിച്ചു. മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതുജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷിംല ഉള്‍പ്പെടെ, സംസ്ഥാനത്തെ ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഷിംല, സിര്‍മൗര്‍, കംഗ്ര, ചമ്പ, മാണ്ഡി, ഹമീര്‍പൂര്‍, സോളന്‍, ബിലാസ്പൂര്‍, കുളു എന്നീ ഒമ്പതുജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പുള്ളത്. കനത്തമഴയില്‍ കുളു-മാണ്ഡി റോഡും പാണ്ടോ വഴിയുള്ള ബദല്‍പാതയും തകര്‍ന്നു. സംസ്ഥാനത്ത് ആകെ 709 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. പല വീടുകളിലും വിള്ളലുണ്ടായതിനാല്‍ മുന്‍കരുതല്‍നടപടിയെന്നോണം ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.
ഈ മാസം മാത്രം ഹിമാചല്‍പ്രദേശിലെ മഴക്കെടുതിയില്‍ 120 പേരാണ് മരിച്ചത്. ജൂണ്‍ 24-ന് സംസ്ഥാനത്ത് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ആകെ 238 പേര്‍ മരിക്കുകയും 40 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഷിംല, മാണ്ഡി, സോളന്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച്ച മുതല്‍ രണ്ടുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.