Sunday, November 24, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; മുന്‍ മന്ത്രിമാര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍ മന്ത്രിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി കത്തയക്കും. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. ദുരിതാശ്വാസ നിധിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയെന്നാണ് ആര്‍ എസ് ശശികുമാറിന്റെ പരാതി.

ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു ഹര്‍ജി. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.

 

Latest News