പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പ്രതിമാസമാകും ഇനി മുതല്‍ വില നിര്‍ണയിക്കുക. മാര്‍ക്കറ്റ് ഘടകങ്ങള്‍ക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ഇത് നിലവില്‍ വരുന്നതോടെ പ്രകൃതി വാതകത്തിന്റെയും സിഎന്‍ജിയുടെയും വില കുറയും. നിലവിലെ വിലനിര്‍ണയ രീതി പൂര്‍ണമായും മാറും. ആറു മാസത്തിലൊരിക്കലുള്ള വിലനിര്‍ണയം പ്രതിമാസമാക്കാനും തീരുമാനിച്ചു. ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ബാസ്‌ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില.
പ്രകൃതിവാതകത്തിന് അടിസ്ഥാന വിലയും പരമാവധി വിലയും നിശ്ചയിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടിസ്ഥാന വില നാല് ഡോളറും മേല്‍ത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.