ഡൽഹിയിൽ നിന്നും 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്ൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ. സി. ബി.) വെള്ളിയാഴ്ച പിടിച്ചെടുത്തതായി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ എക്സ് പോസ്റ്റിലൂടെയാണ് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്ത വിവരം അമിത് ഷാ വെളിപ്പെടുത്തിയത്.
“ഒറ്റ ദിവസംകൊണ്ട് അനധികൃത മയക്കുമരുന്നുകൾക്കെതിരായ തുടർച്ചയായ പ്രധാന മുന്നേറ്റങ്ങൾ മയക്കുമരുന്നുരഹിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മോദിസർക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തെ പ്രകടമാക്കുന്നു. ബോട്ടം-ടു-ടോപ്പ് സമീപനത്തിലൂടെ ഡൽഹിയിലെ ഒരു കൊറിയർ സെന്ററിൽനിന്ന് ധാരാളം മയക്കുമരുന്ന് പിടിച്ചെടുത്തു. ഏകദേശം 900 കോടി രൂപയുടെ വൻ മയക്കുമരുന്ന് ചരക്ക് ഇവിടെനിന്നും കണ്ടെത്തി. മയക്കുമരുന്ന് റാക്കറ്റുകൾക്കെതിരായ ഞങ്ങളുടെ വേട്ട നിഷ്കരുണം തുടരും” – അമിത് ഷാ കുറിച്ചു.
എൻ. സി. ബി. യുടെ പ്രസ്താവനയിൽ, വിദേശത്തുള്ള ഒരുകൂട്ടം ആളുകളാണ് മയക്കുമരുന്ന് സിൻഡിക്കേറ്റ് പ്രവർത്തിപ്പിക്കുന്നതെന്നും പിടിച്ചെടുത്ത നിരോധിതവസ്തുക്കളുടെ കുറച്ച് അളവ് കൊറിയർ/ ചെറുകിട ചരക്ക് സേവനങ്ങൾവഴി ഓസ്ട്രേലിയയിലേക്ക് അയയ്ക്കാനിരുന്നതാണെന്നും വെളിപ്പെടുത്തുന്നു. ഈ കേസിൽ ഉൾപ്പെട്ട വ്യക്തികൾ പ്രധാനമായും ഹവാല ഓപ്പറേറ്റർമാരും പരസ്പരം അജ്ഞാതരുമാണ്. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ചുള്ള ദൈനംദിന സംഭാഷണങ്ങൾക്ക് അവർ വ്യാജപേരുകൾ ഉപയോഗിക്കുന്നു എന്നും എൻ. സി. ബി. വ്യക്തമാക്കുന്നു.
പോർബന്ദറിനുചുറ്റുമുള്ള ഗുജറാത്ത് തീരത്ത്, ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്ന് 2500-3500 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം മെഥാംഫെറ്റാമൈൻ എന്ന സിന്തറ്റിക് വിനോദ മയക്കുമരുന്ന് വെള്ളിയാഴ്ച പിടിച്ചെടുത്തിരുന്നു.