വേനൽക്കാലത്തെ ചൂട് നമുക്ക് നിർജലീകരണത്തിനും ക്ഷീണത്തിനും ഇടയാക്കും. ദാഹം ശമിപ്പിക്കാൻ തണുത്ത പാനീയങ്ങളെയോ, കൃത്രിമ പഴച്ചാറുകളെയോ നാം ആശ്രയിക്കാറുണ്ട്. എന്നാൽ, അത്തരം പാനീയങ്ങളിൽ ധാരാളം പഞ്ചസാരയും മറ്റ് രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ അവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അപ്പോൾ ഉച്ചകഴിഞ്ഞുള്ള നീണ്ട സമയങ്ങളിൽ ഒരാൾക്ക് എങ്ങനെ ശരീരത്തിൽ ജലാംശം നിലനിർത്താനും ഊർജസ്വലതയോടെയും തുടരാനും കഴിയും?
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന, പ്രകൃതിദത്തവും ഉന്മേഷദായകവുമായ പാനീയമാണ് കരിക്കിൻവെള്ളം. അവശ്യപോഷകങ്ങളാൽ സമ്പുഷ്ടമായ ഈ ഉഷ്ണമേഖലാപാനീയം ചൂടുകാലത്ത് ശരീരോഷ്മാവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.
1. സ്വാഭാവികമായി ജലാംശം നൽകുന്നു
രാസവസ്തുക്കളോ, ദോഷകരമായ ചേരുവകളോ ചേർക്കാത്ത പ്രകൃതിദത്തമായ ജലാംശം നൽകുന്ന പാനീയമാണ് കരിക്ക്. വർഷം മുഴുവനുമുള്ള ഏതു കാലാവസ്ഥയിലും ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് വളരെ ഫലപ്രദമാണ്.
2. വയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു
വയറിലെ അണുബാധ, അൾസർ അല്ലെങ്കിൽ ദഹനക്കേട് ഇങ്ങനെ എന്തുതന്നെയായാലും, ഇളനീർ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും. വയറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു.
3. ഇലക്ട്രോലൈറ്റുകൾ പുനഃസ്ഥാപിക്കുന്നു
വേനൽക്കാത്ത് വിയർപ്പ് മൂലം ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടും. ഇത് നമ്മുടെ ശരീരം പൂർണ്ണമായും തളർത്തുന്നതായി തോന്നിപ്പിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ കരിക്കിൻവെള്ളം അവ പുനഃസ്ഥാപിക്കാൻ സഹായിക്കുകയും നമുക്ക് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നു.
4. മലബന്ധം നിയന്ത്രിക്കുന്നു
ദഹിച്ചതും ദഹിക്കാത്തതും ആവശ്യമില്ലാത്തതുമായ ഭക്ഷണം കുടലിലൂടെ കടന്നുപോകുന്നു. മലബന്ധം ഉള്ളവരിൽ ഇവ കുടലിൽ അടിഞ്ഞുകൂടുകയും വിഷാംശം ഉണ്ടാക്കുകയും ചെയ്യുന്നു. കരിക്കിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജനം സുഗമമാക്കുന്നു. ഇവ പതിവായി കഴിക്കുന്നതിലൂടെ മലബന്ധം നിയന്ത്രിക്കാൻ കഴിയും.
5. രക്തചംക്രമണം വർധിപ്പിക്കുന്നു
ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളിലേക്കും രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്ന അർജിനൈൻ എന്ന ഘടകം കരിക്കിൻവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
6. വൃക്കയിലെ കല്ലുകൾ തടയുന്നു
കരിക്കിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ശരീരത്തിൽനിന്ന് അധികജലം പുറന്തള്ളുന്നതിനും വൃക്കയിലെ കല്ലുകൾ തടയുന്നതിനും ഇതൊരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു.
7. പൊതു ആരോഗ്യ പ്രമോട്ടർ
ഇളം തേങ്ങാവെള്ളം ഒരു ടോണിക്ക് പോലെ പ്രവർത്തിക്കുന്നു. ഒരു വ്യക്തിയുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിലുണ്ട്. വിറ്റാമിനുകളും ധാതുക്കളുംകൊണ്ട് സമ്പുഷ്ടമാണിത്. കൂടാതെ, പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ്.
8. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കരിക്കിൽ കൊഴുപ്പില്ല. വളരെ കുറഞ്ഞ കലോറി പാനീയമാണിത്. ഭക്ഷണത്തിനു പകരംവയ്ക്കാൻ ഇത് എളുപ്പമാണ്. ശരീരഭാരം നിരീക്ഷിക്കുന്നവരിൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്കാനായി ഭക്ഷണത്തിനുമുമ്പ് ഇത് കഴിക്കാം. സോഡിയം കൂടുതലായി കഴിക്കുന്നതുമൂലം അടിഞ്ഞുകൂടിയ അധികജലം നീക്കം ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
9. വിഷവിമുക്തമാക്കൽ
രക്തത്തിൽനിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്ന ഗുണങ്ങൾ കരിക്കിൻവെള്ളത്തിനുണ്ട്. ദഹനക്കുറവ് മൂലം കുടലിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
10. വീക്കം കുറയ്ക്കുന്ന മരുന്നുകൾ
കരിക്കിൻവെള്ളത്തിന് മികച്ച ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കഴിക്കുമ്പോൾ ആന്തരിക നീർക്കെട്ടുകൾ കുറയും. വേനൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന തിണർപ്പിലോ, ചുണങ്ങിലോ വീക്കം കുറയ്ക്കുന്നതിന് ഇത് ബാഹ്യമായി പുരട്ടാം.