Sunday, November 24, 2024

‘അവർ പെൺകുട്ടികളാണ്, ഭാര്യമാരല്ല’: കൊളംബിയയിൽ ബാലവിവാഹം നിരോധിക്കാനൊരുങ്ങി ഭരണകൂടം

പ്രായപൂർത്തിയാകാത്തവരെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി കൊളംബിയൻ കോൺഗ്രസ്. വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആക്കുകയും പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങളും വികസന അവസരങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ നിർദേശം നിയമമാകാൻ പ്രസിഡന്റ് കൂടെ ഒപ്പുവച്ചാൽ മതി.

നിലവിൽ, രാജ്യത്തെ നിയമം 14 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ അനുവാദം നൽകുന്നു. ‘അവർ പെൺകുട്ടികളാണ്, ഭാര്യമാരല്ല’ എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാൻ കൊളംബിയൻ കോൺഗ്രസ് ശ്രമിച്ചത്. വിവിധ തരത്തിലുള്ള അക്രമങ്ങൾക്ക് വിധേയരാകുകയും വിദ്യാഭ്യാസവും വികസന അവസരങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്‌തുകൊണ്ട് പെൺകുട്ടികളെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിന് മാറ്റം വരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നതായി കൊളംബിയൻ കോൺഗ്രസ് വ്യക്തമാക്കി.

“പ്രായപൂർത്തിയാകാത്തവർ ലൈംഗികവസ്തുക്കളല്ല, അവർ പെൺകുട്ടികളാണ്” – നിർദേശം മുന്നോട്ടുവച്ചതിനുശേഷം കോൺഗ്രസ് വനിത ക്ലാര ലോപ്പസ് ഒബ്രെഗോൺ പ്രസ്താവനയിൽ പറഞ്ഞു.

ബാലവിവാഹം ലോകമെമ്പാടും വ്യാപകമായ ഒരു സമ്പ്രദായമായി ഇന്നും തുടരുന്നുണ്ട്. യു. എന്നിന്റെ കുട്ടികൾക്കായുള്ള ഏജൻസിയായ യുണിസെഫിന്റെ കണക്കനുസരിച്ച്, പ്രതിവർഷം ഏകദേശം 12 ദശലക്ഷം പെൺകുട്ടികളെ ബാലവിവാഹം മോശമായി ബാധിക്കുന്നു. എന്നാൽ, ഏജൻസിയുടെ പുതിയ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശൈശവ വിവാഹങ്ങളിൽ ആഗോളതലത്തിൽ കുറവുണ്ടായിട്ടുണ്ട്. “പത്തു വർഷം മുമ്പ്, 20 നും 24 നുമിടയിൽ പ്രായമുള്ള നാലു യുവതികളിൽ ഒരാൾ കുട്ടിക്കാലത്ത് വിവാഹിതയായിരുന്നു. ഇന്ന് ആ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു” – യൂണിസെഫ് പറഞ്ഞു.

യുണിസെഫിന്റെ അഭിപ്രായത്തിൽ, ലാറ്റിനമേരിക്കയിൽ, പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിലേക്കു നയിക്കുന്ന പ്രധാന ഘടകം ദാരിദ്ര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News