Monday, November 25, 2024

കൊളംബിയന്‍ ജയിലില്‍ കലാപവും തീപിടുത്തവും; 51 പേര്‍ മരിച്ചു

ദക്ഷിണ പടിഞ്ഞാറന്‍ കൊളംബിയയിലെ ജയിലിലുണ്ടായ അഗ്നിബാധയില്‍ 51 പേര്‍ വെന്തുമരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി നാഷണല്‍ പ്രിസണ്‍ സിസ്റ്റം ഡയറക്ടര്‍ ടിറ്റോ കസ്റ്റലാനോസ് അറിയിച്ചു. ടുളുവയിലെ ജയിലില്‍ കലാപത്തിനിടെ തടവുകാര്‍ കിടക്കകള്‍ക്കു തീയിട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നാണ്.

കൊളംബിയന്‍ നീതിന്യായ മന്ത്രി വില്‍സണ്‍ റൂയിസ് പറയുന്നതനുസരിച്ച്, പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിയോടെ തടവുകാര്‍ക്കിടയില്‍ ഒരു വഴക്കുണ്ടായി. വഴക്കിനിടെ ഒരു തടവുകാരന്‍ ഒരു മെത്തയ്ക്ക് തീ കൊളുത്തി, പിന്നീട് ജയിലിലാകെ തീജ്വാലകള്‍ പടര്‍ന്നു. ഉദ്യോഗസ്ഥര്‍ ഇത് നിയന്തിക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളുടെ വരവിനായി തങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നതായും റൂയിസ് പറഞ്ഞു. ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റു.

ചെറിയ ശിക്ഷയില്‍ കഴിയുന്നവരും തടവിന്റെ അവസാന വര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുമായിരുന്നു മധ്യ-സുരക്ഷാ തടവറയില്‍ കഴിഞ്ഞിരുന്നത്. കൊളംബിയന്‍ ജയിലുകള്‍ തിങ്ങിനിറഞ്ഞിരുന്നു എന്നും മിക്കതും ശേഷിയേക്കാള്‍ 20% കൂടുതലാണെന്നും റൂയിസ് പറഞ്ഞു. ടോളുവയില്‍ തീപിടിത്തമുണ്ടായ തടങ്കല്‍ ശാല, ശേഷിയേക്കാള്‍ 17% കൂടുതലായിരുന്നു.

ജയിലുകളില്‍ അന്തേവാസികള്‍ തമ്മിലുള്ള പോരാട്ടങ്ങളും കലാപങ്ങളും കൊളംബിയയിലും അയല്‍രാജ്യങ്ങളിലും സാധാരണമാണ്. 2020 മാര്‍ച്ചില്‍, ബൊഗോട്ടയിലെ പിക്കോട്ട പെനിറ്റന്‍ഷ്യറിയില്‍ നടന്ന കലാപത്തില്‍ 24 തടവുകാര്‍ മരണമടഞ്ഞിരുന്നു. കൊറോണ വൈറസ് നടപടികളില്‍ പ്രതിഷേധിച്ചതിനാലായിരുന്നു അത്.

 

Latest News