Friday, April 18, 2025

ലക്ഷ്യം പട്ടിണി നിര്‍മാര്‍ജനം; ധനികര്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി കൊളംബിയ

പട്ടിണി നിര്‍മാര്‍ജനത്തിനായി രാജ്യത്തെ ധനികര്‍ക്കും എണ്ണ കയറ്റുമതിക്കും അധിക നികുതി ഏര്‍പ്പെടുത്താന്‍ കൊളംബിയയിലെ ഇടതുപക്ഷ സര്‍ക്കാര്‍. ഇതുവഴി പ്രതിവര്‍ഷം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1150 കോടി ഡോളര്‍ (ഏകദേശം 91,753.15 കോടി രൂപ) സമാഹരിക്കാമെന്ന നിര്‍ദേശം പ്രസിഡന്റ് ഗുസ്താവോ പെത്രോയാണ് മുന്നോട്ടുവച്ചത്. സൗജന്യ സര്‍വകലാശാലാ വിദ്യാഭ്യാസം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കും തുക കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

രാജ്യത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ജനസംഖ്യയുടെ രണ്ടുശതമാനം കൈയടക്കി വച്ചിരിക്കുകയാണ്. ഇവര്‍ക്ക് സ്ഥിരം നികുതി ഏര്‍പ്പെടുത്താനും നിലവില്‍ നല്‍കിവരുന്ന നികുതി ഇളവുകള്‍ നിര്‍ത്തലാക്കാനും നികുതി വെട്ടിപ്പുകള്‍ അവസാനിപ്പിക്കാനുമാണ് ലക്ഷ്യമാക്കുന്നത്. ഒരു പരിധിക്ക് മുകളിലുള്ള എണ്ണ, കല്‍ക്കരി, സ്വര്‍ണ ഇറക്കുമതിക്ക് വിലവര്‍ധനയും 10 ശതമാനം നികുതിയും ഏര്‍പ്പെടുത്തും. സമ്പന്നര്‍ക്ക് അധികനികുതി എന്നത് പെത്രോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ശുപാര്‍ശയ്ക്ക് കൊളംബിയന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടേണ്ടതുണ്ട്.

മുന്‍ പ്രസിഡന്റ് അല്‍വാരോ യുറിബ് ഉള്‍പ്പെടെയുള്ളവര്‍ നികുതി നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. നീക്കം രാജ്യത്തെ സ്വകാര്യമേഖലയെ ഇല്ലാതാക്കുമെന്നാണ് വാദം.

 

 

Latest News