പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ മറുപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ നെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത് രണ്ടു സ്ത്രീകളാണ് എന്നത് ഇന്ത്യ അഭിമാനത്തോടെയാണ് നോക്കിനിന്നത്. പിന്നീടങ്ങോട്ട്, ആരാണ് കേണൽ സോഫിയ ഖുറേഷി എന്ന അന്വേഷണങ്ങളായിരുന്നു. പി എച്ച് ഡി യും അധ്യാപനവും ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ‘ദേശസ്‌നേഹം രക്തത്തിൽ അലിഞ്ഞുചേർന്ന വനിതയാണ് കേണൽ സോഫിയ ഖുറേഷി’ എന്ന് അവരുടെ കുടുംബം വെളിപ്പെടുത്തി.
“സിന്ദൂരത്തിന്റെ പ്രാധാന്യം സ്ത്രീകൾക്കു മാത്രമേ അറിയൂ” – കേണൽ ഖുറേഷിയുടെ അമ്മ ഹനിമ അഭിമാനത്തോടെ പറഞ്ഞു. “എന്റെ മകളുടെ 18 വയസ്സ് തികഞ്ഞ മകൻപോലും വ്യോമസേനയിൽ ചേരാൻ തയ്യാറെടുക്കുകയാണ്” – ഹനിമ കൂട്ടിച്ചേർത്തു. “എന്റെ മകളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. എന്റെ കുടുംബം എപ്പോഴും ‘വയം രാഷ്ട്രേ ജാഗ്രയം’ (നമ്മൾ രാജ്യത്തെ ഉണർവോടെയും ജീവനോടെയും നിലനിർത്തും) എന്ന തത്വം പിന്തുടർന്നിട്ടുണ്ട്. ഞങ്ങൾ ആദ്യം ഇന്ത്യക്കാരാണ്; പിന്നെ മുസ്ലീങ്ങളും” – കേണൽ ഖുറേഷിയുടെ പിതാവ് താജ് മുഹമ്മദ് ഖുറേഷി പറഞ്ഞു.
കേണൽ ഖുറേഷി, ഇ എം ഇ യിലെ കേന്ദ്രീയവിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം എം എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ്‌സി കെമിസ്ട്രിയും പിന്നീട് ബയോകെമിസ്ട്രിയിൽ എം എസ്‌സിയും നേടി. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ഒരുവർഷം മുമ്പ് അവർ പി എച്ച്ഡി പ്രോഗ്രാം ഉപേക്ഷിക്കുകയായിരുന്നു. സംഘർഷമേഖലകളിൽ പ്രവർത്തിക്കുകയും മാനുഷികശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആറുവർഷത്തെ യു എൻ സമാധാനസേനയിലെ അംഗത്വമാണ് അവരുടെ കരിയറിലെ പ്രധാന ആകർഷണം.