Tuesday, November 26, 2024

ഹാസ്യ സാമ്രാട്ട് മാമുക്കോയ അന്തരിച്ചു

മലയാളസിനിമയുടെ ഹാസ്യ സാമ്രാട്ട് മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക്‌ 1.5 ഒാടെയാണ് അന്ത്യം.

കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നു കോഴിക്കോട്ടേക്കും മാറ്റി. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മാമ്മുക്കോയയുടെ ആരോഗ്യ നില ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചതെന്നു മെഡിക്കല്‍ വിദഗ്ധര്‍ അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തു നിന്നും സിനിമയിൽ എത്തുകയായിരുന്നു. നാടകത്തോടൊപ്പം, കല്ലായിലെ മരം അളക്കലായിരുന്നു മാമുക്കോയയുടെ തൊഴില്‍. കോഴിക്കോടന്‍ രീതിയിലുള്ള ഭാഷാശൈലിയും ഹാസ്യവുമായിരുന്നു മാമുക്കോയക്കു താര പരിവേഷം കൊടുത്തത് . പിന്നീട് നടന്‍ ശ്രീനിവാസനുമായുള്ള കൂട്ടുകെട്ട് മലയാള ചലച്ചിത്രത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളിലൂടെ മലയാളികളുടെ മനം കവരാന്‍ മാമുക്കോയയിലെ അഭിനേതാവിന് കഴിഞ്ഞു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ അദ്ദേഹം എത്തിയത്. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ മറ്റൊരു വേഷവും ലഭിച്ചു. പിന്നാലെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാമുക്കോയ മാറുകയായിരുന്നു.

സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.

Latest News