ഈ വർഷത്തെ നിക്കോൺ കോമഡി വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി അവാർഡിന് അർഹമായത് ഒരു മരത്തിൽ കുടുങ്ങിയ അണ്ണാന്റെ ചിത്രമാണ്. 9,000 ലധികം എൻട്രികളിൽനിന്നാണ് മിൽക്കോ മാർച്ചെറ്റി എന്ന ഫോട്ടോഗ്രാഫറുടെ ‘സ്റ്റക്ക് സ്ക്വിറൽ’ എന്ന ചിത്രം അവാർഡിന് അർഹമായി മാറിയത്.
മത്സരം ആരംഭിച്ചിട്ട് പത്തുവർഷം ആയെങ്കിലും ഇത്രയധികം എൻട്രികൾ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് സംഘടകർ വ്യക്തമാക്കി. സംഘാടകർ ആദ്യം, എൻട്രികൾ തിരഞ്ഞെടുത്ത 45 എണ്ണത്തിലേക്ക് ഒതുക്കി. അവ പിന്നീട് മൊത്തത്തിലുള്ള വിജയിയെയും ഒമ്പത് കാറ്റഗറി വിജയികളെയും തിരഞ്ഞെടുക്കുന്ന ഒരു ജൂറി പാനലിനു നൽകുകയായിരുന്നു.
“ഇറ്റലിയിലായിരുന്ന വർഷങ്ങളിൽ ഞാൻ നിരവധി സാഹചര്യങ്ങളിൽ അണ്ണാന്റെ നിരവധി ഫോട്ടോകൾ എടുത്തിട്ടുണ്ട്. പക്ഷേ, ഇത് ശരിക്കും രസകരവും വിചിത്രവുമായ ഒരു സ്ഥാനമായി തോന്നി. കാരണം, അണ്ണാൻ മരത്തിന്റെ പൊത്തിൽനിന്ന് പിൻകാലുകൾ വേർപെടുത്തി അതിന്റെ മറവിൽ പ്രവേശിക്കുന്ന കൃത്യമായ നിമിഷമായിരുന്നു എനിക്ക് പകർത്താൻ കഴിഞ്ഞത്” – അവാർഡിന് അർഹമായ തന്റെ ചിത്രത്തെക്കുറിച്ച് മാർച്ചെറ്റി പ്രസ്താവനയിൽ പറഞ്ഞു. പലരെയും ചിത്രം കാണിക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടുകളിൽ പുഞ്ചിരി വിരിയുന്നത് കണ്ടതോടെയാണ് ഈ ചിത്രം മാർച്ചെറ്റി മത്സരത്തിന് അയയ്ക്കുന്നത്.