Friday, April 18, 2025

പ്രകൃതിവാതക വില ഇരട്ടിയാക്കി; വാണിജ്യ എല്‍പിജി സിലിണ്ടറിനും സിഎന്‍ജി സിലിണ്ടറിനും തീവില

പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഒ.എന്‍.ജി.സി.യുടെ ബാസീനില്‍നിന്നുള്ള വാതകത്തിന്റെ വില പെര്‍ മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് നിലവിലെ 2.90 ഡോളറില്‍നിന്ന് 6.10 ഡോളറായി കൂടി. പുതിയതും വിഷമംപിടിച്ചതുമായ പാടങ്ങളില്‍നിന്നുള്ള വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഴക്കടലില്‍നിന്നുള്ള വാതകമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇതനുസരിച്ച് റിലയന്‍സിന്റെ കെ.ജി.ഡി -6 ബ്ലോക്കിലെ വാതകത്തിന് നിലവിലെ 6.13 ഡോളറില്‍നിന്ന് 9.92 ഡോളറായി കൂടും. ഇന്ത്യയില്‍ വാതക ഉത്പാദകര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്.

രാജ്യത്ത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നത്. അമേരിക്ക, കാനഡ, റഷ്യ എന്നിവിടങ്ങളിലെ വിലയ്‌യ്ക്ക് ആനുപാതികമായിട്ടായിരിക്കുമിത്. പുതിയ നിരക്കുപ്രകാരം സി.എന്‍.ജി., പി.എന്‍.ജി. വിലകളില്‍ വെള്ളിയാഴ്ച മുതല്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രധാനമായും ഒ.എന്‍.ജി.സി. ഉത്പാദിപ്പിക്കുന്ന വാതകമാണ് വിതരണം ചെയ്യുന്നത്.

ഇതോടെ കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിയ്ക്ക് 80 രൂപയാണ് വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. ഒരുകിലോയ്ക്ക് എട്ടു രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ എല്‍പിജി സിലിണ്ടറിന് 255.50 രൂപയും വര്‍ധിപ്പിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്.

 

 

 

 

 

 

Latest News