Sunday, April 13, 2025

വര്‍ഗീയ വിഷംചീറ്റലുകള്‍ സാക്ഷരകേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: മതത്തിന്റെ മറവില്‍ സമൂഹത്തെ മലീമസമാക്കുന്ന വര്‍ഗീയവാദങ്ങളും വിഷംചീറ്റലുകളും സാക്ഷരകേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതുമൂലം ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും കേരളമണ്ണില്‍ വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

വിവിധങ്ങളായ മതങ്ങള്‍ ഓരോ വ്യക്തികളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഭാരതസമൂഹം തലമുറകളായി കൈമാറി സംരക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയത രൂപപ്പെടുന്നതും വര്‍ഗ്ഗീയവിഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേയ്ക്ക് വലിച്ചിറക്കുന്നതും ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കപ്പെടും. സമാധാനവും സ്‌നേഹവും പങ്കുവെച്ച് പ്രഘോഷിക്കുന്നതും സേവനവും ശുശ്രൂഷയും മുഖമുദ്രയാക്കിയിരിക്കുന്നതുമായ മതസമുദായ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഭിന്നിപ്പുസൃഷ്ടിക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്.

സമൂഹത്തിലെ ഒരു മതവിഭാഗത്തെയും വര്‍ഗീയവാദികളായി ചിത്രീകരിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. മതമൈത്രിയും സൗഹാര്‍ദ്ദവും ഈ മണ്ണില്‍ നിലനിര്‍ത്തേണ്ടത് സാക്ഷരസമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. തലമുറകള്‍ പിന്നിടുമ്പോള്‍ മതത്തിന്റെ മറവില്‍ വിദ്വേഷവും വെറുപ്പും സമൂഹത്തില്‍ കുത്തിനിറയ്ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. അധികാരത്തിലേറാനും അധികാരം നിലനിര്‍ത്തുവാനുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ ആദര്‍ശങ്ങള്‍ വെടിഞ്ഞ് വര്‍ഗീയവാദങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന സാമൂഹ്യജീര്‍ണ്ണത കേരളസമൂഹത്തില്‍ ശക്തിപ്പെടുന്നത് അപകടകരമാണ്. ജനങ്ങളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് തീവ്രവാദഗ്രൂപ്പുകള്‍ സമൂഹത്തിന്റെ സമസ്തമേഖലകളിലും ഇടംതേടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ഒരിക്കലും ഭൂഷണമല്ലാത്തതുമായ നികൃഷ്ടനിലപാടുകളില്‍ നിന്ന് മതസമുദായ സംഘടനകള്‍ പിന്മാറണമെന്നും ഭരണനേതൃത്വങ്ങള്‍ സമാധാനവും ക്ഷേമവും ഉറപ്പാക്കി ജനസമൂഹത്തിന്റെ ജീവനും ജീവിതത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍, സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍

LEAVE A REPLY

Please enter your comment!
Please enter your name here

Latest News