Sunday, November 24, 2024

കേരള സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യം: കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

കേരള സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യം വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. നിയമസഭാ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് രേഖകള്‍ പുറത്തുവിട്ടത്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. സംവരണം ഉണ്ടായിട്ടും മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക് വേര്‍ഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോര്‍ട്ടിലാണ് മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പട്ടിക ജാതി, പട്ടിക വര്‍ഗം അടക്കമുള്ളവരുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്നത്. 2024 ജൂണ്‍ 19 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് 5,45,423 സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ഇവരുടെ മതം-ജാതി തിരിച്ചുള്ള ജീവനക്കാരുടെ എണ്ണം പുറത്തുവിട്ടതോടെയാണ് സര്‍ക്കാര്‍ ജോലിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമായത്.

സംവരണേതര വിഭാഗത്തില്‍ മുന്നോക്ക ഹിന്ദു വിഭാഗങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത്. നായര്‍, മേനോന്‍, കുറുപ്പ് അടക്കമുള്ള മുന്നോക്ക ഹിന്ദുവിഭാഗത്തില്‍ നിന്ന് 1,08,012 പേരും ബ്രാഹ്മിണ്‍ വിഭാഗത്തില്‍ 7112 പേരുമാണുള്ളത്.

അതായത് ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 21.01 ശതമാനം. ശാസ്ത്ര സാഹിത്യപരിഷത്തിന്റ പഠനങ്ങള്‍ പ്രകാരം ജനസംഖ്യയില്‍ 12.5 ശതമാനമാണ് നായര്‍ സമുദായം. ഇതനുസരിച്ച് മുന്നോക്ക ഹിന്ദുവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തേക്കാള്‍ 36.86 ശതമാനം കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 73,714 ?പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. ആകെ ജീവനക്കാരുടെ 13.51 ശതമാനം. മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 33.31 ശതമാനം വരും.

ലത്തീന്‍ വിഭാഗത്തില്‍ നിന്ന് 22,542 പേരാണ് ജോലി ചെയ്യുന്നത്. 4.13 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2399 പേരും നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. നാല് വിഭാഗത്തിലുമായി ആകെ ക്രിസ്ത്യന്‍ വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 99,583 പേര്‍. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികള്‍ 18.38 ശതമാനമാണ്.

സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്ലിംകളാണ്. മുസ്ലിം വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് 73,774 പേര്‍ മാത്രം. അഥവ 13.52 ശതമാനം.

പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49 %) സര്‍ക്കാര്‍ മേഖലയില്‍ അവരുടെ സാന്നിധ്യം.സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 10,513 പേര്‍. 1.92 ശതമാനത്തില്‍ ചുരുങ്ങി അവരുടെ പ്രാതിനിധ്യം. ജനസംഖ്യയില്‍ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വര്‍ഗ വിഭാഗം 1.45 ശതമാനവും വരും.

ഏറെക്കുറെ ജനസംഖ്യക്ക് അനുസൃതമായി സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. ഈഴവ വിഭാഗത്തില്‍നിന്ന് 1,15,075 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 21.09 ശതമാനം. പരിഷത്ത് കണക്കുകള്‍ പ്രകാരം 22.2 ശതമാനമാണ് ഈഴവ ജനസംഖ്യ. കുറവ് 1.11 ശതമാനം മാത്രം. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളതും ഈഴവരാണ് 1.15 ലക്ഷം.

ഈഴവരും മുന്നോക്ക ഹിന്ദുവിഭാഗങ്ങളും കൂടി ചേര്‍ന്നാല്‍ ജീവനക്കാരുടെ എണ്ണം 2.30 ലക്ഷം വരും. ആകെ ജീവനക്കാരില്‍ 42 ശതമാനവും നായര്‍, ഈഴവ, ബ്രാഹ്മിണ്‍ സമുദായത്തില്‍ നിന്ന് മാത്രമാണ്. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ജോലിയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.

 

Latest News