Tuesday, November 26, 2024

കേരളത്തില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കും: സൈബര്‍ സംവിധാനവുമായി ബംഗാള്‍ ഗവര്‍ണര്‍

കേരളത്തില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാന്‍ സൈബർ സംവിധാനം ഏർപ്പെടുത്തി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. ‘കോട്ടയം പ്ലാറ്റ്‌ഫോം’ എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് പുതിയ സംവിധാനം.

കോട്ടയം പ്ലാറ്റ്ഫോമിലേക്ക് അയക്കുന്ന പരാതികളില്‍, ഗവർണറുടെ അധികാര പരിധിയിൽപെടുന്നവയാണെങ്കിൽ അടിയന്തര തീരുമാനം അദേഹം സ്വീകരിക്കും. അല്ലാത്തവ ബന്ധപ്പെട്ടവർക്ക് ഗവർണറുടെ ശുപാർശയോടു കൂടി അയച്ചുകൊടുക്കാനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഗവര്‍ണറും ജനങ്ങളുമായുള്ള ബന്ധം ഉഷ്മളമാക്കാന്‍ കഴിയുമെന്നാണ് ബംഗാള്‍ രാജ്ഭവന്റെ വിലയിരുത്തല്‍.

പുതിയ സംവിധാനത്തിന്റെ ഏകോപന ചുമതല ഗവർണറുടെ എഡിസി -യും ഐറ്റി വിദഗ്ധനുമായ മേജർ നിഖിൽകുമാറിനാണ് നല്‍കിയിരിക്കുന്നത്. നിലവില്‍, പരാതികള്‍ ഇംഗ്ലീഷില്‍ നല്‍കുന്നതിനുളള സംവിധാനമാണുള്ളത്. വൈകാതെ മലയാളത്തിലും ഇതിനുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. govwbktm@gmail.com എന്ന ഇമെയിൽ ഐഡിയിലാണ് കത്തുകൾ അയക്കേണ്ടത്.

അതേസമയം നാട്ടുകൂട്ടം എന്ന പേരില്‍ മാസത്തിലൊരിക്കൽ ഗവർണറുമായി ജനങ്ങൾക്ക് നേരിട്ട് സംവദിക്കാനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനും രാജ്ഭവന്‍ പദ്ധതിയിടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് എന്നിവയുടെ സാധ്യതകൾ ഉൾപ്പെടുത്തി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. രാജ്ഭവനിൽ സാധാരണ പൗരന്മാർക്ക് നിയന്ത്രിതമായ പ്രവേശനം നൽകാനുള്ള തീരുമാനവും ഡി 2 പി പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ട്.

Latest News