സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ പൊലീസ് സ്റ്റേഷനുകളിലും നൽകാനാകും. സൈബർ സ്റ്റേഷനുകളിലെ ജോലിഭാരം കൂടിയതോടെയാണ് മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഡിജിപി നൽകി.
നിലവിൽ, ഓരോ ജില്ലയിലും സജ്ജീകരിച്ചിട്ടുള്ള സൈബർ സ്റ്റേഷനുകളിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് സൈബർ പരാതികൾ സമർപ്പിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഓരോ ദിവസവും 300-ലധികം പരാതികളാണ് സൈബർ സ്റ്റേഷനുകളിൽ എത്തിയിരുന്നത്. പരാതികളുടെ എണ്ണം കൂടിയതോടെ പ്രതിദിനം അൻപതോളം കേസുകൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് പരിഗണിക്കാൻ കഴിഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം, പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതിയിൽ സാങ്കേതിക വൈദഗ്ദ്ധ്യം വേണ്ട കേസുകളുണ്ടെങ്കിൽ, അത് ഉടൻ തന്നെ സൈബർ സ്റ്റേഷനിലേക്ക് കൈമാറാനും നിർദ്ദേശമുണ്ട്. വായ്പ ആപ്പ് തട്ടിപ്പിലൂടെ വൻ തുകകൾ നഷ്ടമായ കേസുകൾ സൈബർ സ്റ്റേഷനുകൾ അന്വേഷിക്കും. ഓൺലൈൻ ട്രേഡിംഗിലും, മറ്റു വായ്പ ആപ്പുകളിലും അകപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്.