Tuesday, January 21, 2025

ലോസ് ആഞ്ചലസ്‌ തീപിടുത്തം: സംഗീതസംവിധായകൻ അർനോൾഡ് ഷോൻബെർഗിന്റെ സംഗീത സ്‌കോറുകൾ കത്തിനശിച്ചു

ഇരുപതാം നൂറ്റാണ്ടിലെ പയനിയറിംഗ് ഓസ്ട്രിയൻ – അമേരിക്കൻ സംഗീതസംവിധായകൻ അർനോൾഡ് ഷോൻബെർഗിന്റെ ഒരുലക്ഷം സംഗീതനോട്ടുകൾ ലോസ് ആഞ്ചലസ് കാട്ടുതീയിൽ കത്തിനശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംഗീതനിർമാണ കമ്പനിയിലായിരുന്നു മ്യൂസിക് ഷീറ്റുകൾ സൂക്ഷിച്ചിരുന്നത്.

ഒറിജിനൽ കൈയെഴുത്തുപ്രതികളൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ബെൽമോണ്ട് മ്യൂസിക് പബ്ലിഷിംഗിന്റെ ഉടമസ്ഥതയിലുള്ള സംഗീതം ഓർക്കസ്ട്രകൾക്കും സംഗീതജ്ഞർക്കും വാടകയ്ക്ക് നൽകിയ സ്കോറുകളുടെ പ്രധാന ശേഖരമായിരുന്നു കത്തിനശിച്ചത്. സംഗീതപ്രേമികൾക്ക് അനിവാര്യമായ ഒരു വിഭവമായിരുന്നു അതെന്ന് അമേരിക്കൻ സിംഫണി ഓർക്കസ്ട്രയുടെ ഡയറക്ടർ ലിയോൺ ബോട്ട്‌സ്റ്റീൻ പറഞ്ഞു. ഫോട്ടോഗ്രാഫുകൾ, കത്തുകൾ, പോസ്റ്ററുകൾ എന്നിവയുൾപ്പെടെ മറ്റ് ഷോൺബെർഗ് സ്മരണികകളും കാട്ടുതീയിൽ നശിപ്പിക്കപ്പെട്ടു.

സ്കോറുകളുടെ ഡിജിറ്റൽ പകർപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബെൽമോണ്ട് പ്രസ്താവനയിൽ പറഞ്ഞു. ഷോൻബെർഗിന്റെ ഒറിജിനൽ കൈയെഴുത്തുപ്രതികളിൽ ഭൂരിഭാഗവും ഓസ്ട്രിയയിലെ വിയന്നയിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

1874 ൽ വിയന്നയിലെ ഒരു ജൂതകുടുംബത്തിലാണ് അർനോൾഡ് ഷോൻബെർഗ് ജനിച്ചത്. നാസികളുടെ പീഡനത്തിൽനിന്ന് രക്ഷപെടാൻ 1933 ൽ യു. എസിലേക്ക് പലായനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ബെർലിനിലെ ഒരു സംഗീതസംവിധായകനായി മാറി. ഒടുവിൽ ലോസ് ഏഞ്ചൽസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെയും തന്റെ രചനകൾ തുടർന്നുപോന്നു. അറ്റോനാലിറ്റിക്കും പരമ്പരാഗത ഹാർമോണിയങ്ങളിൽനിന്ന് വ്യതിചലിച്ച 12-ടോൺ ടെക്നിക്കിനും അദ്ദേഹം പ്രശസ്തനായിരുന്നു. 1951 ൽ 76-ാം വയസ്സിൽ ലോസ് ആഞ്ചലസിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

ജനുവരി ആദ്യം ലോസ് ഏഞ്ചൽസിൽ ആരംഭിച്ച വൻ കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമനസേനാംഗങ്ങൾ ഇപ്പോഴും ശ്രമം തുടരുകയാണ്. ഇതുവരെ 24 പേർ മരണപ്പെട്ടു. 24,000 ഏക്കറിലധികം കത്തിനശിച്ച തീ ലോസ് ഏഞ്ചൽസിൽ ഇപ്പോഴും ആളിക്കത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News